
തിരുവനന്തപുരം : പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വക മാറ്റിയ മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിച്ചത് ധനകാര്യ വകുപ്പിന്റെ കടുത്ത എതിർപ്പിനെ മറി കടന്ന്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ അനുമതിയോടെയായിരുന്നു ധനവകുപ്പിന്റെ എതിർപ്പ്. ബഹ്റയുടെ നടപടി സാധൂകരിക്കണമെന്ന ഫയൽ മുഖ്യമന്ത്രി ആസൂത്രണ,സാമ്പത്തികാര്യ വിഭാഗത്തിന് അയച്ചിരുന്നു. തുടർന്നാണ് കാര്യകാരണ സഹിതം ധനവകുപ്പ് എതിർപ്പറിയിച്ചത്.
'കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അംഗികരിച്ച ആക്ഷൻ പ്ലാനിൽ നിന്ന് വ്യത്യസ്തമായി സർക്കാർ അനുമതി കൂടാതെ പ്ലാൻ ഫണ്ട് വകമാറ്റി മറ്റൊരു നിർമാണ പ്രവൃത്തി ആരംഭിച്ച നടപടി സാധുകരിക്കാനാവില്ല, അംഗീകരിച്ച പദ്ധതികൾക്ക് മാത്രമേ കേന്ദ്ര ആഭ്യന്തര വകുപ്പ് ഫണ്ട് നൽകുകയുള്ളു. അവയുടെ യൂട്ടലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ കേന്ദ്ര ഫണ്ട് ലഭിക്കൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതി മറികടന്ന് മറ്റൊരു പ്രവൃത്തിയാണ് പൊലീസ് വകുപ്പ് ചെയ്തത്. ഇത് നഗ്നമായ ചട്ടലംഘനമാണ്. ഭരണപരവും സാമ്പത്തികവുമായ സംസ്ഥാന ഗവൺമെന്റിന്റെ അധികാരങ്ങളെ മറി കടക്കുക മാത്രമല്ല, കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുക കൂടിയാണ് പൊലിസ് മേധാവി ചെയ്തത്. അതിനാൽ പൊലിസ് മേധാവിക്കെതിരെ കടുത്ത അച്ചടക്ക നടപടി എടുക്കണം. ഇതിന് ധനമന്ത്രിയുടെ അംഗീകാരമുണ്ട്' - ഇങ്ങനെയാണ് മുഖ്യമന്ത്രിക്ക് തിരിച്ചയച്ച ഫയലിൽ ധനവകുപ്പ് കുറിച്ചത്. എന്നാൽ,മന്ത്രിസഭായോഗത്തിലെത്തിയപ്പോൾ എതിർപ്പെല്ലാം ഒഴിവായി, ബഹ്റ ചെയ്തത് ശരി വച്ചു. മന്ത്രിസഭാ തീരുമാനപ്രകാരം ജൂലായ് 30നാണ് നടപടി സാധൂകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ബഹ്റയുടെ വിവാദ നടപടി. പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, സീനിയർ പൊലീസ് ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾ, അനുബന്ധ ഓഫീസുകൾ എന്നിവ നിർമ്മിക്കാനാണ് തുക വകമാറ്റി ചെലവിട്ടത്. ഇത് സി.എ.ജി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷമടക്കം രൂക്ഷമായി വിമർശിച്ചിരുന്നു.