ss

വ്യക്തിയെ അതിലൗകികതയിൽനിന്ന് ആദ്ധ്യാത്മികതയിലേക്ക് ഉയർത്തുന്നതും ജീവിത സുഖഭോഗ ആസക്തിയിൽനിന്ന് മുക്തനാക്കുന്നതും ജന്മസാഫല്യം കൈവരുത്തുന്നതുമാണ് ശ്രീരാമമന്ത്രം. 'അല്ലയോ നാവേ നീ അനവരതം ശ്രീരാമമന്ത്രം ജപിയ്ക്കുക എന്ന് ശ്രീരാമകർണ്ണാമൃതത്തിൽ പ്രകീർത്തനം ചെയ്യുന്നു. മനുഷ്യസ്വഭാവത്തിന്റെ സമസ്തമേഖലകളും എന്നപോലെ തന്നെ മനോവ്യാപാരങ്ങളുടെ സമസ്തഭാവങ്ങളും, വിജ്ഞാനത്തിന്റെ സമസ്തമേഖലകളും ഈ വിശിഷ്ടഗ്രന്ഥത്തിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു.
വാത്മീകിമഹർഷി സപ്തർഷികളിൽനിന്ന് ദിവ്യോപദേശം സ്വീകരിച്ച്, കാട്ടാളത്തം വെടിഞ്ഞ് മാമുനിയായി തമസാ നദീതീരത്തുള്ള പർണശാലയിൽ കഴിഞ്ഞുകൂടുമ്പോൾ സ്നാനത്തിനായി ശിഷ്യഗണങ്ങളോടൊപ്പം പോകുന്ന വഴിമദ്ധ്യേ ഒരു മരത്തിലിരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു കാട്ടാളൻ അമ്പെയ്തു വീഴ്ത്തുന്നതുകണ്ട് വാത്മീകി മഹർഷി ഉരുവിട്ട ശ്ലോകത്തിൽനിന്നും രൂപമെടുത്ത രാമായണകഥ രാമായണമായി പരിണമിച്ചു.

മൂലരാമായണത്തെ അവലംബിച്ച് ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ രാമായണവും മുപ്പതിനായിരം ശ്ലോകങ്ങളിൽ ജ്ഞാനവാസിഷ്ഠവും രചിച്ചു. ശ്രീരാമൻ ബാല്യത്തിൽ സദാ ഉന്മേഷവാനായിരിക്കാൻ വേണ്ടി വസിഷ്ഠമഹർഷി നൽകിയ ഉപദേശമാണ് 'ജ്ഞാനവാസിഷ്ഠം'. ഇതിന്റെ മൂലകൃതി വാത്മീകി മഹർഷിയാണ് രചിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാനുഭക്തൻ എന്ന കവി നേപ്പാളിഭാഷയിൽ രാമായണമെഴുതി. ഇതിന് ഉപോദ്ബലകമായത് അദ്ധ്യാത്മ രാമായണമാണ്. ചന്ദ്രകവി വിരചിച്ച മൈഥിലിഭാഷാ രാമായണം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ലാലദാസന്റെ മൈഥിലിഭാഷയിലുള്ള രാമായണം, രാമലോചന ശരണന്റെ രാമചരിത മാനസം തർജ്ജമയ്ക്കും പുറമേ രാമകഥ പാടിപ്പുകഴ്ത്തുന്ന എത്രയെത്ര മഹദ് ഗ്രന്ഥങ്ങൾ!
ഒരു രാമനാമം ആയിരം സഹസ്രനാമങ്ങൾക്കു തുല്യമാണ്. ശ്രീപരമേശ്വരൻ സദാ രാമനാമം ഉരുവിടുന്നുവെന്നാണ്! അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമൻ യജുർവ്വേദ മൂർത്തിയും, ലക്ഷ്മണൻ ഋഗ്വേദമൂർത്തിയും, ഭരതൻ സാമവേദമൂർത്തിയും, ശത്രുഘ്നൻ അഥർവവേദ മൂർത്തിയുമാണ്. ശ്രീരാമൻ ആനന്ദദായകനും, ഭരതൻ സൽഗുണരക്ഷകനും, ലക്ഷ്മണൻ ഉത്തമലക്ഷണ യുക്തനും, ശത്രുഘ്നൻ സദാ ശത്രുനിഗ്രഹകനുമാണ്. ഭാരതഭൂഖണ്ഡത്തിൽ കാവ്യമെന്ന പേരിൽ ആദ്യം ഉണ്ടായ കൃതി രാമായണമാണ്.

അസഹിഷ്ണുതയുടെയും ആത്മവഞ്ചനയുടെയും സന്മാർഗ്ഗരാഹിത്യത്തിന്റെയും അമിത ബാഹുല്യതകളിൽ വൃഥാ ഭ്രമിച്ചുവശായ മനുഷ്യജീവിത രഥ്യയിൽ, സമസ്ത കല്യാണഗുണാഭിരാമനായ ശ്രീരാമചന്ദ്രനെ സ്തുതിക്കുന്ന രാമായണമാസം ഹൃദയാനുഭൂതിയുടെ, ഗുണാനുഭവ സമ്പന്നതയുടെ പുതിയൊരു സംക്രമം വിരിയിക്കുകതന്നെ ചെയ്യും!