
തിരുവനന്തപുരം: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല. തലസ്ഥാനത്ത് പൊന്മുടിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിനെത്തുടർന്ന് എസ്റ്റേറ്റിലെ നൂറിലേറെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഒറ്റപ്പെട്ടു. അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യമാണ്. അതേസമയം, മലപ്പുറം നാടുകാണി ചുരത്തിലും മരം വീണ് അപകടമുണ്ടായി. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങൾക്ക് മുകളിലേയ്ക്കാണ് മരം വീണത്. യാത്രക്കാർക്ക് പരിക്കില്ല.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ച് ഡാമുകളിലും റെഡ് അലർട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങൽകുത്ത്, ഷോളയാർ മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതൽ വെള്ളമൊഴുകിയെത്തുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.