
കർക്കടക മാസം രാമായണപുണ്യത്തിന്റെതു കൂടിയാണ്. ഓരോ വിശ്വാസിയുടെയും വീടുകളിൽ രാമനാമത്തിന്റെ അലയൊലികൾ മുഴങ്ങുന്ന ദിനരാത്രങ്ങളാണ് ഈ കടന്നുപോകുന്നത്. ഈ സമയത്ത് പാകിസ്ഥാനിൽ നിന്നുമുള്ള ഒരു വാർത്ത ഏറെ ശ്രദ്ധ നേടുകയാണ്. 1200 വർഷം പഴക്കമുള്ള അവിടുത്തെ പ്രശസ്തമായ വാത്മീകി ക്ഷേത്രം പുനരുദ്ധാരണത്തിന് തയ്യാറെടുക്കുന്നു. രണ്ടു പതിറ്റാണ്ടോളം ക്ഷേത്രം അനധികൃതമായി കൈവശം വച്ചിരുന്നവരെ ഒഴിപ്പിക്കാനുള്ള പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വാത്മീകി ക്ഷേത്രം വീണ്ടും വിശ്വാസികളിലേക്ക് തുറക്കപ്പെടുന്നത്.
ലാഹോറിലെ പ്രശസ്‌തമായ അനാർക്കലി ബസാറിന് സമീപമാണ് പുണ്യപുരാതനമായ വാത്മീകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്‌ണനും ആദി കവി വാത്മീകിയുമാണ് മുഖ്യ പ്രതിഷ്‌ഠകൾ. ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഒരു ക്രൈസ്തവ കുടുംബമാണ് ഇത്രയും നാൾ അമ്പലം കൈവശം വച്ചിരുന്നത്. വാത്‌മീകി വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമാണ് ഇവർ അമ്പലത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. 2010ൽ അവകാശം സ്ഥാപിച്ചു കിട്ടാനായി കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചു. എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇ.ടി.പി.ബി എന്ന ബോർഡിൽ നിക്ഷിപ്‌തമായിരുന്നു. അനധികൃതമായാണ് പരാതിക്കാർ ക്ഷേത്രവും സ്ഥലവും കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി ഇ.ടി.പി.ബിക്കാണ് യഥാർത്ഥ ഉടമസ്ഥാവകാശം എന്ന് വിധി പ്രഖ്യാപിച്ചു.
ബാബറി മസ്‌ജിദിന്റെ വാശി തീർത്തത് അമ്പലം ചുട്ടുകരിച്ച്
1992ൽ ഇന്ത്യയിൽ ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിന്റെ അലയൊലികൾ പാകിസ്ഥാനിലും ശക്തമായ പ്രകമ്പനം സൃഷ്‌ടിച്ചിരുന്നു. വാത്‌മീകി ക്ഷേത്രത്തിലേക്ക് ഇരമ്പിയെത്തിയ പ്രക്ഷോഭക്കാർ ക്ഷേത്രം കൊള്ളയടിച്ചു. ശ്രീകൃഷ്‌ണന്റെയും വാത്മീകിയുടെയും പ്രതിമകളിൽ കേടുപാടുകൾ വരുത്തി. അമൂല്യങ്ങളായ സ്വർണവകകളും, പാത്രങ്ങളും ആഭരണങ്ങളുമെല്ലാം കടത്തികൊണ്ടുപോയി. ക്ഷേത്രം അടിച്ചു തകർക്കുകയും, തീ വയ‌്ക്കുകയും ചെയ‌്തു.
കോടികളുടെ മൂല്യമുള്ള ക്ഷേത്രസുച്ചയം
കോടികളുടെ മൂല്യമാണ് വാത്മീകി ക്ഷേത്രത്തിനുള്ളത്. പുനരുദ്ധാരണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പദ്ധതിയുടെ മേൽനോട്ടത്തിനായി ഏകാംഗ കമ്മിഷനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.