
തിരുവനന്തപുരം: ആകാശയാത്രയിലൂടെ അഭിമാനനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം പേയാട് സ്വദേശി ആതിര പ്രീതാറാണി. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്ര പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ആതിരയുമുണ്ട്. ഈ ആകാശയാത്ര സഫലമായാൽ കൽപന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം ബഹിരാകാശത്ത് യാത്രചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയും, ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയും ആയിരിക്കും ആതിര.
നാസയുടെ സഹായത്തോടെ നടത്തുന്ന 'പ്രോജക്ട് പോസം' പരിശീലന പദ്ധതിവഴിയാണ് ആതിര തന്റെ സ്വപ്നത്തിലേക്കടുക്കുന്നത്. ഫ്ലോറിഡയിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ആതിര. കാനഡയിൽ സ്ഥിരതാമസമാക്കിയ ആതിര 'എക്സോ ജിയോ എയ്റോസ്പേസ്' എന്ന കമ്പനിയുടെ സി.ഇ.ഒയും പ്രസിഡന്റുമാണ്.
ടോയ് പ്ലെയിനിൽ നിന്ന് ഫൈറ്റർ ജെറ്റിലേക്ക്
ആറു വയസുള്ളപ്പോൾ എയർപോർട്ട് ജീവനക്കാരനായ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുതോന്നിയ കൗതുകമാണ് ആതിരയെ ആകാശങ്ങളുടെ തോഴിയാക്കിയത്. 2013 മുതൽ അമച്വർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷനിൽ (ആസ്ട്രോ) സജീവമായി. സുഹൃത്തും പിന്നെ ജീവിതപങ്കാളിയുമായ ഗോകുൽ ദാസ് ബാലചന്ദ്രനെ പരിചയപ്പെടുന്നതും 'ആസ്ട്രോ'യിൽവച്ചുതന്നെ. അപ്പോൾ ഐ.എസ്.ആർ.ഒയിൽ ജി.എസ്.എൽ.വിയുടെ മാർക്ക് 3 പ്രോജക്ടിൽ സയന്റിസ്റ്റായിരുന്നു ഗോകുൽ.
നാഷണൽ സ്പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച സ്പേസ് ക്വിസിലും വിജയിയായി. ഇന്ത്യയിൽ വനിതകൾക്ക് ഫൈറ്റർ പൈലറ്റാകാൻ കഴിയാത്തതിനാൽ 2018ൽ ആതിര കാനഡയിലേക്ക് കുടിയേറി. ഒട്ടോവയിലെ അൽഗോക്വിൻ കോളേജിൽ സ്കോളർഷിപ്പോടെ 'റോബോട്ടിക്സിന്' ചേർന്നു. എങ്കിലും ഫൈറ്റർ പൈലറ്റ് പരിശീലനമായിരുന്നു ലക്ഷ്യം. അങ്ങനെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചെറിയ ജോലികൾ ചെയ്തു. ആ സമ്പാദ്യംകൊണ്ട് ഫൈറ്റർ പൈലറ്റ് പരിശീലനം നടത്തുകയും 20ാം വയസിൽ ആദ്യമായി ഒരു ഫൈറ്റർ ജെറ്റ് പറത്തുകയും ചെയ്തു.
കരിയർ ഗ്രാഫ് ഉയരെ... ഉയരെ...
തിരുവനന്തപുരം കാർമ്മൽ ഗേൾസ്, മുക്കോലയ്ക്കൽ സെന്റ് തോമസ് എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ആതിര എം.ബി.ബി.എസ് എന്ന വീട്ടുകാരുടെ മോഹം ഉപേക്ഷിച്ചാണ് ബഹിരാകാശ സ്വപ്നങ്ങളിലേക്ക് ചേക്കേറിയത്. അച്ഛൻ വേണു മാലിദ്വീപ് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാരനും അമ്മ പ്രീതാറാണി വീട്ടമ്മയുമാണ്. നിലവിൽ ബഹിരാകാശ സംരംഭക, പൈലറ്റ്, കനേഡിയൻ എയ്‌റോസ്‌പേസ് ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ, അഡ്വക്കസി കൗൺസിൽ എന്നിവയുടെ പ്രസിഡന്റ്-സി.ഇ.ഒ, ടാലന്റ് റിമോട്ട് കമ്പനി ചീഫ് സ്ട്രാറ്റജി ഓഫീസർ എന്നിങ്ങനെ പ്രവർത്തിക്കുന്നു. ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിനായി മോഡുലാർ ലോഞ്ച് വെഹിക്കിൾ രൂപകല്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായ എക്സോജിയോയുടെ സ്ഥാപകയുമാണ്. ഭർത്താവ് ഗോകുൽ ചീഫ് ടെക്നിക്കൽ ഓഫീസറും.