couples

മെലിഞ്ഞ സ്ത്രീകൾ വിവാഹ ശേഷം തടിവയ്ക്കുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ്. ഇതിന് സമൂഹം പലതരം കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. വിവാഹശേഷമുള്ള ലൈംഗിക ബന്ധമാണ് ഇതിന് പ്രധാന കാരണമെന്നാണ് പലരും പറയുന്നത്. തന്റെ വിവാഹം, പ്രണയം, ലൈംഗികബന്ധങ്ങൾ എന്നീ കാര്യങ്ങളിൽ അവൾ സ്വയം തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മനസിലാക്കാത്ത ചിലയാളുകളാണ് ഈ അടിസ്ഥാനമില്ലാത്ത പ്രചാരണത്തിന് പിന്നിൽ.ലൈംഗിക ബന്ധം ഇതിനൊരു കാരണമല്ലെന്നതാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

വിവാഹശേഷം സ്ത്രീകൾക്ക് ശരീരഭാരം വർദ്ധിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉള്ളത്. വിവാഹം കഴിക്കുന്നതിന് മുമ്പുള്ള നാളുകളിൽ സ്ത്രീകൾ ഭക്ഷണം കാര്യമായി നിയന്ത്രിക്കുന്നത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായ വിവാഹ ചടങ്ങിൽ താൻ വളരെ ആകർഷകത്വമുള്ളവളായി കാണപ്പെടണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനായി അവർ ഡയറ്റ് ശീലിക്കുകയും കൂടുതലായി വ്യായാമം ചെയ്യുകയും ചെയ്യാറുണ്ട്.

ഇങ്ങനെ ചെയ്യുന്നതിലൂടെ പതിവിൽ നിന്നും അധികമായി ശരീരഭാരം കുറയുകയും വിവാഹ വേദിയിൽ സ്ത്രീകൾ ഏറെ മെലിഞ്ഞവരായി കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ വിവാഹം കഴിയുന്നതോടെ മിക്ക സ്ത്രീകളും ഭക്ഷണ നിയന്ത്രണത്തിൽ നിന്നും പിന്നോട്ട് പോകുകയാണ് പതിവ്. വ്യായാമവും അങ്ങനെ നടക്കാറില്ല. ഇക്കാരണത്താൽ അവർ പെട്ടെന്ന് തടിച്ചതായി മറ്റുള്ളവർക്ക് തോന്നുകയും ചെയ്യും. വിവാഹശേഷം ബന്ധുക്കളെ കാണാൻ പോകുന്നതും നിരവധി സത്കാരങ്ങളിൽ പങ്കെടുക്കുന്നതും തടി വർദ്ധിക്കുന്നതിന് കാരണമാകും.

വിവാഹം കഴിഞ്ഞാൽ സ്ത്രീക്ക് മാത്രമല്ല പുരുഷനും തടി കൂടും എന്നുള്ള കാര്യം പരിഗണിപ്പെടാറില്ല. സത്യത്തിൽ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് വിവാഹശേഷം തടിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.സ്ത്രീക്ക് 10 കിലോ കൂടുന്ന സമയത്ത് പുരുഷന് ഏകദേശം 12 ൽ കൂടുതൽ കിലോയാകും കൂടുക. ശരീരഭാരം വർദ്ധിക്കുന്നതിന് പിന്നിൽ പ്രണയത്തിന്റെ ഘടകം കൂടിയുണ്ട് കേട്ടോ. 2013ൽ 'ഹെൽത്ത് സൈക്കോളജി' എന്ന ജേർണലിൽ വന്ന ലേഖനം പ്രകാരം ദമ്പതികൾ തമ്മിൽ സ്നേഹവും ഊഷ്മളതയും ഏറെയുണ്ടെങ്കിലും ഇരുവർക്കും തടി കൂടാൻ ഇടയുണ്ട്. എന്നുവച്ച് സ്നേഹമൊന്നും കുറയ്‌ക്കേണ്ട. അൽപ്പമൊക്കെ തടിയുള്ളത് ഒരു ഭംഗി തന്നെയാണ്.