ravana-temple

പുരാണത്തിൽ വീരപരിവേഷമുള്ള രാക്ഷസ രാജാവാണ് രാവണൻ. സിനിമകളിലും കഥകളിലും നാടകങ്ങളിലുമെല്ലാം രാവണന് വില്ലൻ പ്രതിച്ഛായയാണുള്ളത്. സീതാദേവിയെ തട്ടിക്കൊണ്ടുപോയ ദുഷ്ടകഥാപാത്രം. എന്നാൽ ഇന്ത്യയിൽ ചിലയിടങ്ങളിൽ രാവണനെ ആരാധിക്കുന്ന ആളുകളുമുണ്ട്. ഇന്ത്യയിലെ അത്തരം അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് മണ്ഡോരെ രാവണ ക്ഷേത്രം. ക്ഷേത്രത്തിന്റെ പേരിന് പിന്നിലുമുണ്ട് ചരിത്രപരമായ അടയാളങ്ങൾ.

രാജസ്ഥാനിലെ ജോധ്‌പൂരിൽ മണ്ഡോറിലാണ് മണ്ഡോരെ രാവണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ മുഡ്‌ഗൽ, ദേവ് ബ്രാഹ്മണർ അവകാശപ്പെടുന്നത് അവർ രാവണന്റെ പിന്തുടർച്ചക്കാരാണ് എന്നാണ്. ഇവിടെ ഒരു വിഭാഗം ആളുകൾ രാവണനെ മരുമകനായി കാണുന്നു. മണ്ഡോദരി രാജ്ഞിയുടെ ജന്മസ്ഥലമാണ് മണ്ഡോർ എന്നാണ് വിശ്വാസം. രാജ്ഞിയുമായി രാവണൻ പ്രണയത്തിലായിരുന്നു. ഇവിടെവച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന്റെ ഓർമ്മക്കായി പണികഴിപ്പിച്ചതാണ് മണ്ഡോരെ രാവണ ക്ഷേത്രം. രാവണ- മണ്ഡോദരി വിവാഹത്തിന്റെ ശേഷിപ്പുകൾ ഈ പ്രദേശത്തുള്ളതായി വിശ്വസിക്കപ്പെടുന്നു.

വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രാവണന്റെ ഒപ്പമെത്തിയ കുറച്ച് ആളുകൾ പിന്നീട് ഇവിടെ തങ്ങുകയായിരുന്നെന്നാണ് വിശ്വാസം. ശ്രിമലി ഗോധ ബ്രാഹ്മണ വിഭാഗം എന്നറിയപ്പെടുന്ന ആളുകളാണ് ക്ഷേത്രം പണികഴിപ്പിച്ചത്. രാവണനെ ദൈവം ആയാണ് ഇവർ ആരാധിക്കുന്നത്. ഇവരുടെ വിശ്വാസപ്രകാരം രാവണന് ബ്രാഹ്മണ സിദ്ധിയും ജ്യോതിഷം, സംഗീതം എന്നിവയിൽ നൈപുണ്യവും ഉണ്ട്. എന്നാൽ ദസറ കാലത്ത് രാവണ ദഹനം വലിയ രീതിയിൽ ഇവർ ആഘോഷിക്കാറുണ്ട് എന്നതും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളിലൊന്നാണ്.