sreelatha

കോഴിക്കോട്: മകനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദീപക്കിന്റെ അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നുവെന്നും ശ്രീലത പറഞ്ഞു. മുമ്പും വീടുവിട്ട് പോയി തിരികെ എത്തിയിട്ടുള്ളതിനാൽ ഇത്തവണയും തിരികെ വരുമെന്ന് കരുതിയാണ് പരാതികൊടുക്കാൻ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. ജൂൺ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്.

മുമ്പും വീട് വിട്ടുപോയിട്ടുള്ളതിനാൽ തിരികെ വരുമെന്ന് കരുതിയ ബന്ധുക്കൾ ഒരു മാസം വൈകിയാണ് പരാതി നൽകിയത്. അന്വേഷണം തുടരുന്നതിനിടെ ജൂലായ് 17ന് കൊയിലാണ്ടി തീരത്ത് നിന്ന് ജീര്‍ണിച്ച ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. രൂപസാദൃശ്യം ഉള്ളതിനാൽ ദീപക്കാണെന്ന ധാരണയിൽ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലായ് ആറിനാണ്. തുടർന്ന് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെ മൃതദേഹം ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.