sreesankar

കുറച്ചുനാളുകൾക്ക് ശേഷം കഴിഞ്ഞ രാത്രിയാണ് ശങ്കു നന്നായൊന്ന് ഉറങ്ങിയത്. അപ്പോൾ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് ലോംഗ്ജമ്പിലെ വെള്ളിമെഡലും എം.ശ്രീശങ്കറെന്ന ശങ്കുവിന്റെ കഴുത്തിലുണ്ടായിരുന്നു.

നീരജ് ചോപ്രയുടെ അഭാവത്തിൽ ഇന്ത്യൻ പ്രതീക്ഷകളുടെ സമ്മർദ്ദവും പേറിയാണ് ശ്രീശങ്കറെന്ന 23കാരൻ ബർമിംഗ്ഹാമിലെത്തിയത്. യോഗ്യതാറൗണ്ടിൽ ആദ്യ ശ്രമത്തിൽതന്നെ 8.05 മീറ്റർ ചാടി ഫൈനലിലേക്ക് എത്തിയപ്പോൾ പ്രതീക്ഷകൾക്ക് കനമേറി. ഫൈനലിലെ ആദ്യ മൂന്ന് ശ്രമങ്ങളിൽ പതിവിനാെത്ത് ഉയരാനാകാതെ പോയതും നാലാം ശ്രമത്തിൽ എട്ടുമീറ്ററിലേറെ ചാടിയിട്ടും ഫൗളായതും സമ്മർദ്ദം കൂട്ടിയപ്പോൾ പരിശീലകനും സൗത്ത് ഏഷ്യൻ ഗെയിംസിലെ മുൻ മെഡലിസ്റ്റുമായ പിതാവ് മുരളിയുടെ വാക്കുകൾ കരുത്തായി. അഞ്ചാമത്തെ ചാട്ടംകൊണ്ട് രണ്ടാം സ്ഥാനത്തേക്ക് ശ്രീശങ്കർ കുതിച്ചെത്തിയപ്പോൾ അത് ചരിത്രത്തിലേക്കുള്ള വെള്ളിച്ചാട്ടമായി.

ഒളിമ്പിക്സിലും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ വന്നപ്പോൾ ചില കോണുകളിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്കുള്ള ശങ്കുവിന്റെ മധുരപ്രതികാരം കൂടിയാണ് 8.08 മീറ്റർ ചാടി നേടിയ വിജയം. 8.36 മീറ്റർ ചാടി ദേശീയ റെക്കാഡ് കുറിച്ചിട്ടുള്ള തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്ന കാലാവസ്ഥയായിരുന്നില്ല ബർമിംഗ്ഹാമിലേതെന്ന് മത്സരശേഷം ശ്രീശങ്കർ പറഞ്ഞു. '' തണുത്തകാറ്റുമൂലം ആദ്യ ശ്രമങ്ങളിൽ താളത്തിലേക്ക് എത്താനായില്ല. എന്നാൽ ഫൗളായെങ്കിലും നാലാമത്തെ ചാട്ടം എട്ടുമീറ്റർ കടന്നത് ആത്മവിശ്വാസം പകർന്നു. ചെന്നൈയിൽ നടന്ന നാഷണൽ ഇന്റർസ്റ്റേറ്റ് അത്‌ലറ്റിക്സിലും പിന്നിൽ നിന്ന ശേഷം അഞ്ചാമത്തെ ചാട്ടത്തിലൂടെ മെഡൽ നേടിയത് അച്ഛൻ ഓർമ്മിപ്പിച്ചത് ധൈര്യമായി.അച‌്ഛന്റെ വാക്കുകളായിരുന്നു എന്റെ ഉൗർജം.''- ശ്രീശങ്കർ പറയുന്നു.

നാലാമത്തെ ചാട്ടം ഫൗളാണെന്ന് ഒട്ടും കരുതിയില്ലെന്നും അതുകൊണ്ടാണ് ഒഫിഷ്യൽസിനോട് പലവുരു സംശയം ചോദിച്ചതെന്നും ശ്രീ പറഞ്ഞു. വേൾഡ് അത്‌ലറ്റിക്സ് ഫെഡറേഷൻ അടുത്തിടെ നടപ്പിലാക്കിയ ലേസർ ടെക്നോളജിയാണ് ഫൗൾ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ഫൗൾബോർഡിൽ ഒരു മില്ലീമീറ്ററെങ്കിലും ക‌ടന്നാൽ ഫൗൾ വിളിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.

എടുത്തുചാട്ടമില്ല

ശ്രീശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിൽ അഭിമാനവും ആശ്വാസവുമാണ് അമ്മയും മുൻ കായിക താരവുമായ ബിജിമോൾക്ക്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും ചുവടൊന്ന് പിഴച്ചപ്പോൾ അച‌്ഛനെ കോച്ചായി വയ്ക്കുന്നത്കൊണ്ടുള്ള കുഴപ്പമാണെന്ന രീതിയിൽ ചില വിമർശനങ്ങളുണ്ടായി.വിദേശകോച്ചിനെത്തേടിപ്പോകണമെന്ന ഉപദേശങ്ങളുമുണ്ടായി.എന്നാൽ ശ്രീശങ്കറിനെ ഇത്രവരെ എത്തിച്ചത് പിതാവ് മുരളിയുടെ പരിശീലനവും മാനസിക പിന്തുണയുമാണെന്ന് പലരും മറന്നുപോകുന്നുവെന്ന് ബിജിമോൾ പറയുന്നു.

വിദേശകോച്ചിനെ ആശ്രയിക്കില്ല എന്ന വാശി തങ്ങൾക്കില്ലെന്ന് ബിജിമോൾ പറയുന്നു. പക്ഷേ ശ്രീയുടെ കരുത്തും ദൗർബല്യവും നന്നായി അറിയുന്ന ഒരാൾ വേണം. ഏതെങ്കിലും ഒരു വിദേശിയുടെ കയ്യിലെത്തിച്ച് അവന്റെ കരിയർ തുലയ്ക്കുന്നതിനോട് യോജിപ്പില്ല. ഓരോ ലക്ഷ്യങ്ങളായി പതിയെ മുന്നറാനാണ് തീരുമാനം. എടുത്തുചാട്ടത്തിനില്ല. 23വയസേ ആയിട്ടുള്ളൂ . ഏഷ്യൻ ഗെയിംസും ലോകചാമ്പ്യൻഷിപ്പും പാരീസ് ഒളിമ്പിക്സുമൊക്കെ വരാനിരിക്കുന്നു. അമ്മയെന്നതിലുപരി ഒരു കായിക താരത്തിന്റെ അനുഭവ പരിചയമാണ് ബിജിമോളുടെ വാക്കുകളിൽ നിഴലിക്കുന്നത്.

എം.ശ്രീശങ്കർ

മുൻ ട്രിപ്പിൾ ജമ്പ് താരം മുരളിയുടെയും ഒാട്ടക്കാരി കെ.എസ് ബിജിമോളുടെയും മകൻ. സ്വദേശം പാലക്കാട്. ജമ്പിംഗ് പിറ്റിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതും അന്താരാഷ്ട്ര താരമാക്കിയതും പിതാവാണ്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലും പാലക്കാട് വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. സി.ബി.എസ്.ഇ മീറ്റുകളിലൂടെ മത്സരരംഗത്ത്.

23 വയസ്

8.36 മീറ്റർ മികച്ച ദൂരം,ദേശീയ റെക്കാഡ്