
വാഷിംഗ്ടൺ : മങ്കിപോക്സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് യു.എസ്. പ്രഖ്യാപനം മങ്കിപോക്സ് വ്യാപനത്തിനെതിരെ കൂടുതൽ ഫണ്ട് അനുവദിക്കാനും ഡേറ്റ ശേഖരണത്തിനും സഹായിക്കുന്നതിനൊപ്പം കൂടുതൽ ആരോഗ്യ പ്രവർത്തകരെ മങ്കിപോക്സ് പോരാട്ടത്തിൽ അണിനിരത്താനും അനുവദിക്കും.
90 ദിവസത്തേക്കാണ് പ്രഖ്യാപനത്തിന്റെ കാലാവധി. ഇതിന് ശേഷം സാഹചര്യം വിലയിരുത്തി നീട്ടാം. നിലവിൽ 7,100ലേറെ മങ്കിപോക്സ് കേസുകളാണ് യു.എസിൽ സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും ന്യൂയോർക്ക് സംസ്ഥാനത്താണ്.
മങ്കിപോക്സിനെതിരെ വസൂരി വാക്സിനായ ജിനിയോസിന്റെ ഉപയോഗത്തിന് യു.എസിൽ അനുമതിയുണ്ട്. ഇതുവരെ 6,00,000 ജിനിയോസ് വാക്സിൻ ഡോസുകൾ യു.എസിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ലോകമെമ്പാടും കേസുകൾ കുത്തനേ ഉയരുന്ന പശ്ചാത്തലത്തിൽ മങ്കിപോക്സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ 88 രാജ്യങ്ങളിലായി 26,864 പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്.