photo

തീരദേശ ഹെെവേ യാഥാർത്ഥ്യമായാൽ തീരദേശങ്ങളിൽ വസിക്കുന്ന ജനങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക മുന്നേറ്റത്തിനുള്ള വലിയ സാദ്ധ്യതകളാവും തുറക്കുക. ചരക്കുനീക്കം സുഗമമാക്കാനും ടൂറിസം വളരാനും ഏറ്റവുമധികം സഹായിക്കുന്ന പാതയായി ഇത് മാറും. കഴിഞ്ഞ ഇടത് സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വളരെ പ്രധാന്യം നൽകിയ സ്വപ്നപദ്ധതിയാണിത്. 2022 ൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2019 മാർച്ചിൽ അദ്ദേഹം മലപ്പുറം ജില്ലയിൽ ഒന്നാം സ്ട്രെച്ചിന്റെ നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. തുടങ്ങിയ ഇടത്തുതന്നെ നിന്നുപോയ ഇൗ പദ്ധതിക്ക് വീണ്ടും ജീവൻവച്ചിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ‌ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി പൂർത്തികരിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുന്നു. ആദ്യപടിയായി സ്ഥലമെടുപ്പിനുള്ള സർവേയ്ക്ക് ഇൗമാസം പകുതിയോടെ കല്ലിടീൽ തുടങ്ങും. തീരദേശത്ത് വസിക്കുന്ന ജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള സമുദായങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ മാത്രമേ ഇവിടെ എന്തും സാദ്ധ്യമാക്കാനാവൂ. ചില വിട്ടുവീഴ്‌ചകൾക്ക് സർക്കാരും തയാറായിരിക്കണം. ഒരു കാരണവശാലും ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്.

സംസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്നവരും അതിന് സഹകരിക്കാൻ സന്നദ്ധതയുള്ളവരുമാണ് തീരദേശവാസികൾ. അതേസമയം അവരെ പ്രകോപിപ്പിച്ചാൽ വലിയ പ്രതിസന്ധിയാവും നേരിടേണ്ടിവരിക. സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും സമീപനത്തിലൂടെ അവരെ ചേർത്ത് നിറുത്താനായാൽ അപ്രതീക്ഷിതമായ രീതിയിൽ തുറന്നഹൃദയത്തോടെ സഹകരിക്കാനും അവർ മുന്നിൽ നിൽക്കും. അനാവശ്യമായ വിവാദങ്ങൾ ഉയർത്തി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന ശ്രമങ്ങൾ നടത്താതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ കക്ഷികളും കാണിക്കുകയും വേണം. നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് കളക്ടർമാർതന്നെ ജനങ്ങളെ നേരിൽക്കണ്ട് അവരുടെ സംശയങ്ങൾ തീർക്കണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമയോടെ നിന്നാൽ കേരളത്തിൽ നടത്താനാകാത്ത ഒരു പദ്ധതിയുമില്ല. തീരദേശഹെെവേയും മലയോരഹെെവേയും പുറമേ ദേശീയപാതയും എം.സി റോഡും പൂർണമായി വികസിച്ച് കഴിഞ്ഞാൽ ഒരു പുതിയ കേരളത്തിന്റെ ആവിർഭാവമായിരിക്കും നടക്കുക. വാഹനങ്ങൾ നാല് പ്രധാന റോഡുകളിലായി വീതിക്കപ്പെട്ട് മാറുന്നതിനാൽ വാഹനങ്ങളുടെ എണ്ണം കൂടിയാലും ഗതാഗതത്തിരക്ക് കുറഞ്ഞുവരും. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനാവും എന്നതിനാൽ ചരക്കുഗതാഗതത്തിന് ഏറ്റവും പറ്റിയതായി തീരദേശഹെെവേ മാറും. അതോടെ ലോറികളുടെയും ട്രക്കുകളുടെയും എണ്ണം ദേശീയപാതയിൽ താരതമ്യേന കുറയാതിരിക്കില്ല. തീരദേശഹെെവേയ്ക്ക് ഇരുവശവും ടൂറിസവുമായി ബന്ധപ്പെട്ട നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും മറ്റ് വിനോദകേന്ദ്രങ്ങളും സ്വകാര്യമേഖലയിൽ തന്നെ ഉയർന്നുവരും. തദ്ദേശവാസികൾക്ക് വലിയ തൊഴിൽ അവസരമാവും തുറക്കുക. ദേശീയപാത 66 വഴി തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് തലപ്പാടി വരെ 574 കിലോമീറ്ററാണ് ദൂരം. ഇൗ ദൂരത്തേക്കാൾ 106 കിലോമീറ്ററോളം കുറവാണെന്നതിനാൽ അതിലും വേഗത്തിൽ എത്താമെന്നതാണ് തീരദേശപാതയുടെ പ്രധാനനേട്ടം. വിഴിഞ്ഞം,കൊല്ലം,വല്ലാർപാടം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ ചരക്ക് നീക്കത്തിനും തീരദേശ ഹെെവേ ഉത്തമമാകും. 468 കിലോമീറ്ററാണ് പാതയുടെ ദെെർഘ്യം. ആകെ പതിനേഴ് റീച്ചുകളാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള ഒൻപത് ജില്ലകളിലൂടെയും പാത കടന്നുപോകും. റോഡുകൾ 14 മീറ്റർ വീതിയിലും പാലങ്ങൾ ഉൾപ്പെടുന്ന റീച്ചുകളിൽ 15.6മീറ്ററിലുമാണ് നിർമ്മാണം. സ്ഥലലഭ്യത വെല്ലുവിളിയാണെങ്കിലും അതു നടത്തിയെടുക്കാനുള്ള സാമ‌ർത്ഥ്യമാണ് സർക്കാർ കാണിക്കേണ്ടത്.