
കടുവ, സിംഹം പോലുള്ള അപകടകാരികളായ ജീവികളെ പലർക്കും പേടിയാണ്. കൂട്ടിൽ കിടക്കുന്ന കടുവയെ കണ്ടാൽ പോലും പേടി തോന്നുന്നവർക്കിടെ ധൈര്യശാലിയായ ഒരു ബസ് ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പേടിയും ഇല്ലാതെ കടുവയുടെ വായിലേയ്ക്ക് ഇറച്ചി കഷ്ണം വച്ചുകൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'ദി അമേസിംഗ് ടൈഗേഴ്‌സ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബസിന്റെ വിൻഡോ തുറന്ന ശേഷം ഡ്രൈവർ കടുവയെ അടുത്തേയ്ക്ക് വിളിക്കുന്നു. തുടർന്ന് ഓടി അടുത്തേയ്ക്ക് വരുന്ന കടുവ ഡ്രൈവറുടെ കൈയിൽ നിന്നും ഇറച്ചി കഷ്ണം കഴിക്കുന്നു. പിന്നീട് മുഖം വൃത്തിയാക്കിയ ശേഷം വിൻഡോയിൽ ചാരി നിൽക്കുന്ന കടുവയോട് ഡ്രൈവർ പോകാൻ ആംഗ്യം കാണിക്കുന്നു. പിന്നീട് വിൻഡോ അടയ്ക്കുന്നു. ഇതാണ് വീഡോയോയിലുള്ളത്. രണ്ട് ദശലക്ഷത്തിലധികം പേരാണ് ഇപ്പോൾ തന്നെ വീഡിയോ കണ്ടിരിക്കുന്നത്. മുപ്പതിനായിരത്തിലധികം ലൈക്കും ലഭിച്ചിട്ടുണ്ട്. പലരും ഡ്രൈവറുടെ ധൈര്യത്തെക്കുറിച്ച് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ്.