
ഇസ്ലാമാബാദ് : അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പ ലഭിക്കുന്നതിനായി സമ്പന്ന രാജ്യങ്ങളുടെ തീരുമാനം അനുകൂലമാക്കാൻ വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ. ഐ എം എഫിൽ നിന്നും 1.2 ബില്യൺ ഡോളർ ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പാകിസ്ഥാന് പിടിച്ച് നിൽക്കാൻ കഴിയുകയുള്ളു. യു എ ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ബജ്‌വ സന്ദർശനം നടത്തിയത്. അടുത്തിടെ അമേരിക്കയോടും പാക് സൈനിക മേധാവി സഹായ അഭ്യർത്ഥന നടത്തിയിരുന്നു.
രാജ്യത്തിന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിനായി സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമനെ ഫോണിലൂടെ സൈനിക മേധാവി ബന്ധപ്പെട്ടിരുന്നു. ഐ എം എഫ് ബോർഡ് അംഗീകരിച്ചാൽ ഈ മാസം 1.2 ബില്യൺ ഡോളർ പാകിസ്ഥാന് ലഭിക്കും. ഈ പണം ലഭിക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാകുമെന്നും കറൻസി മൂല്യത്തകർച്ചയ്ക്ക് ശമനമുണ്ടാകുമെന്നും പാകിസ്ഥാൻ കരുതുന്നു. ഉയർന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി.