yamuna-nair-

അവൾ മരിച്ചുവെന്നത് ഓർത്തുനോക്കൂ...
നിനക്കും,
അവൾക്കുമിടയിലെ മൗനം വീണ്ടും മരമായും ,പുഴയായും, പൂവായും രൂപപ്പെടും.
ശേഷം, പിറുപിറുക്കലിൽ പ്രിയപ്പെട്ടവർ
പറയുമവളുടെ നന്മകൾ.

മുടിതോർക്കാതെ ഓടിയിറങ്ങിയ മണ്ണടികൾ വഴുക്കലിൽ കരഞ്ഞു ചുവക്കും
പ്രിയപ്പെട്ടവർ ഒന്നിച്ച് നടത്തിയ യാത്രകൾ അയവിറക്കും. പങ്കുവെച്ച ഭക്ഷണത്തിന്റെ രുചി അറിയാതെ നാവിൽ നിറയും.
പിന്നെ, തലക്ക് മുകളിൽ ആകാശമില്ലാതാകും
ജീവനെടുക്കുന്ന വേദനയിൽ ഓർമകളിൽ അലമുറയിടും.

ഒരുവേള ഇന്നലെയുടെ പരിഭവങ്ങളിൽ രണ്ട് ലോകത്തായിരുന്നെങ്കിലോ?
ബ്ലോക്ക് ചെയ്ത ഇന്നലെയുടെ രാവിനെ ശപിക്കും.
തിരികെക്കിട്ടാത്ത രാവിന്റെ നീളത്തിന് മരിച്ചവളുടെ തന്ത്രത്തിന്റെ മൂർച്ചയുണ്ടാരുന്നു.

വിലക്കപ്പെട്ട താഴ്വരയിലെ ഇരുട്ടിൽ ആവാഹിച്ചിട്ടും
ഓരോ നിദ്രയിലുമവൾ മുട്ടിവിളിക്കും

നമുക്കിടയിൽ കടലാഴം ഓർമയുടെ കഥ പറയും
തിരിച്ചു വരാമെന്നും
എല്ലാം മാറ്റിയെഴുതാമെന്നും നീ വാഗ്ദാനം ചെയ്തു,
എനിക്കറിയില്ല,
ഈ ഉന്മാദ ലോകത്തെ
സന്ദർശനം സംബന്ധിച്ച് ഞാൻ ഇപ്പോഴും കടുത്ത ആശയക്കുഴപ്പത്തിലാണ്.

ആകേണ്ടതും, അല്ലാത്തതും...
വേണ്ടതും, വേണ്ടാത്തതും...
.......

യമുന നായർ