taiwan

തായ്‌പേയ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറിന്റെ സന്ധർശനത്തിന് പിന്നാലെ ഉടലെടുത്ത ചൈന- തായ്‌വാൻ സംഘർഷം നിലനിൽക്കുന്നതിനിടെ തായ്‌വാൻ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ തായ‌്‌വാനിലുള്ള ഹോട്ടൽ മുറിയിൽ ഇന്ന് രാവിലെയാണ് പ്രതിരോധവകുപ്പ് ഡെപ്യൂട്ടി ഹെഡ്ഡ് ഔ യാംങ് ലീ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

സൈന്യത്തിന് കീഴിലുള്ള ചുംഗ് ഷാൻ സയൻസ് ആന്റ് ടെക്‌നോളജി ദേശീയ സർവകലാശാലയുടെ ഡെപ്യൂട്ടി ഹെഡ്ഡായിരുന്നു ഔ യാംങ്. വിവിധ മിസൈൽ നിർമാണങ്ങളുടെ ചുമതലയുള്ള ഔ യാംങ് ലീ ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ തായ്‌വാനും ചൈനയുമായുള്ള സംഘർഷം വർദ്ധിക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ മരണവാർത്ത പുറത്തുവരുന്നത്.

അതേസമയം,​ തായ്‌വാന് ചുറ്റുമുള്ള ആറ് പ്രദേശങ്ങളിൽ ചൈന തുടരുന്ന സൈനികാഭ്യാസം രാജ്യത്തേക്കുള്ള വിമാന,​ കപ്പൽ സർവീസുകൾ തടസപ്പെടുത്തിയിരിക്കുകയാണ്. തായ്‌വാനിൽ പ്രതിസന്ധി രൂക്ഷമാക്കുന്ന ചൈനീസ് സൈനികാഭ്യാസത്തെ അമേരിക്ക വിമർശിച്ചു. ചൈനീസ് അംബാസഡർ ചിൻ ഗാംഗിനെ വൈറ്റ്‌ഹൗസിൽ വിളിച്ചുവരുത്തി അമേരിക്ക പ്രതിഷേധം അറിയിക്കുകയായിരുന്നു. തായ്‌വാനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഇന്നലെ ജപ്പാൻ സന്ദർശനത്തിനിടെ നാൻസി പെലോസി ആവർത്തിച്ചു.

സൈനികാഭ്യാസത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും ചൈനീസ് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും തായ്‌വാൻ കടലിടുക്കിലെ അതിർത്തി രേഖ ഭേദിച്ചു. ഇന്നലെ 68 ചൈനീസ് യുദ്ധവിമാനങ്ങളും 13 യുദ്ധക്കപ്പലുകളുമാണ് വിഭജന രേഖ കടന്നത്. ചൈനയുടെ ആണവ അന്തർവാഹിനിയും ഇന്നലെ സൈനികാഭ്യാസത്തിന്റെ ഭാഗമായി ഉൾപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും തിരക്കുള്ള ചരക്കു ഗതാഗത ഇടനാഴിയായ തായ്‌വാൻ കടലിടുക്കിലേക്ക് ചൈന മിസൈലുകൾ പ്രയോഗിച്ചതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ഉൾപ്പെടെ തായ്‌വാനിലെ നിരവധി സർക്കാർ വെബ്സൈറ്റുകളിൽ ചൈനീസ് സൈബർ ആക്രമണവുമുണ്ടായി.