നവജാത ശിശുവിന് അമ്മയുടെ പാൽ മാത്രമേ കൊടുക്കാൻ പാടുള്ളൂ. ജനിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പാല് കൊടുക്കണം. രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് നൽകുക. ആദ്യത്തെ ആറ് മാസം മുലപ്പാൽ മാത്രമേ കുഞ്ഞിന് നൽകാൻ പാടുള്ളൂ. വേറൊന്നും കൊടുക്കരുതെന്ന് പട്ടം എസ് യു ടി ആശുപത്രിയിലെ ഡോക്ടർ മൃണാൽ എസ് പിള്ള പറയുന്നു.

എല്ലാ തരത്തിലുള്ള പോഷകങ്ങളും അമ്മയുടെ പാലിൽ തന്നെയുണ്ട്. അത് വളരെ പെട്ടെന്ന് ദഹിക്കും. ന്യുമോണിയ അടക്കമുള്ള അസുഖങ്ങൾ മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളിൽ കുറവായിരിക്കും. കൂടാതെ ഓർമശക്തിയും ബുദ്ധിശക്തിയും കൂടും.
ഇത് കുഞ്ഞിന്റെ മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും നല്ലതാണെന്ന് ഡോക്ടർ പറയുന്നു. കുഞ്ഞിനെ കൂടുതലായി മുലയൂട്ടുന്ന അമ്മമാർക്ക് കൂടുതൽ നേരം ഉറങ്ങാൻ കഴിയുമെന്നാണ് പഠനം കാണിക്കുന്നതെന്ന് ഡോക്ടർ പറയുന്നു. പല രോഗങ്ങൾ പ്രതിരോധിക്കാനും ഇത് സഹായിക്കും.