police

ചെന്നൈ: ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാൻ ക്യൂ ആ‌ർ കോഡ് സംവിധാനം ഒരുക്കി ചെന്നൈ പൊലീസ്. എല്ലാത്തിനും ഇ പെയ്മെന്റ് സർവസാധാരണമായതിനാൽ പലരുടെയും കൈയിൽ പണമെടുക്കാനുണ്ടാവില്ല. ഇതിന്റെ പേരിൽ പിഴയൊടുക്കാതിരിക്കുന്നത് തടയാനാണ് ചെന്നൈ പൊലീസ് പുതിയ സംവിധാനമൊരുക്കുന്നത്. പേടിഎം വഴി പണം സ്വീകരിക്കാനുള്ള ക്യു ആർ കോഡ് കാർഡുകൾ കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസിന് കൈമാറിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണർ ശങ്കർ ജിവാൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ട്രാഫിക് നിയന്ത്രണ ചുമതലയിലുള്ള എല്ലാ പൊലീസ് സംഘത്തിനും ഇത്തരം കാർ‍‍ഡ് കൈമാറി കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 300 കാർഡുകളാണ് വിതരണം ചെയ്തത്. ഇത് ഉപയോഗിക്കാൻ പൊലീസുകാർക്കുള്ള പരിശീലനവും നൽകി. കാർഡിലെ ക്യു ആർ കോഡ് സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്താൽ പേടിഎം ആപ്പിലെ ഇ ചെല്ലാൻ പേജിലേക്ക് റീ ഡയറക്ട് ചെയ്യും. പിഴയുടെ ചെല്ലാൻ ഐ ഡിയും വാഹനനമ്പറും നൽകിയ ശേഷം യുപിഐ ആപ്പുകൾ വഴിയോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ പിഴ ചുമത്തപ്പെട്ടയാൾക്ക് പണം അടയ്ക്കാവുന്നതാണ്.

ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിയമലംഘകരെ പിഴ അടയ്ക്കാൻ ഓർമപ്പെടുത്താനുമായി തുടങ്ങിയ കോൾ സെന്ററുകളിലും ക്യൂ ആർ കോഡ് രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ നേരിട്ട് എത്തിയും കോഡ് സ്കാൻ ചെയ്ത് പിഴയടക്കാം. ഇതിനായി കോൾ സെന്റർ ചുമതലയിൽ ഡ്യൂട്ടിയിലുള്ളവരുടെ സഹായവും കിട്ടും. കോൾ സെന്ററുകളിൽ നിന്ന് നിയമലംഘനത്തിന് പിഴ കുടിശികയുള്ളവരുടെ ഫോണുകളിലേക്ക് നിരന്തരം എസ്എംഎസ് സന്ദേശങ്ങൾ അയക്കും. സന്ദേശത്തിനൊപ്പമുള്ള ലിങ്ക് തുറന്നാലും ഇ ചെല്ലാൻ പേജിലെത്താവുന്നതാണ്.