
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന റാം കൊച്ചിയിൽ പുനരാരംഭിച്ചു. തൃഷ ആണ് ചിത്രത്തിൽ നായിക. മോഹൻലാൽ, തൃഷ, ഇന്ദ്രജിത്ത് എന്നിവർ ജോയിൻ ചെയ്തു. ഇവർ പങ്കെടുക്കുന്ന പത്തുദിവസത്തെ ചിത്രീകരണമാണ് കൊച്ചിയിൽ പ്ളാൻ ചെയ്തിട്ടുള്ളത്.വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകരുടെ പ്രാർത്ഥനയും പിന്തുണയും വേണമെന്ന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ ജീത്തു ജോസഫ് അഭ്യർത്ഥിച്ചു.അതേസമയം മൂന്നുവർഷത്തിനു ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ. അവിടെ കൊവിഡ് വ്യാപനം രൂക്ഷമായത് ചിത്രീകരണത്തെ തടസപ്പെടുത്തി. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാമിന്റെ അവസാന ഷെഡ്യൂൾ ലണ്ടനിൽ നടക്കും. ഈ മാസം അവസാനം മോഹൻലാലും സംഘവും യു.കെയിലേക്ക് പുറപ്പെടും.ഇതോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് വിവരം. സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് മറ്റു താരങ്ങൾ.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വി.എസ്. വിനായക്, സംഗീതം : വിഷ്ണു ശ്യാം.രമേഷ് പി. പിള്ളയും സുധൻ എസ്. പിള്ളയും ചേർന്നാണ് നിർമ്മാണം.