
സെലിബ്രിറ്റികൾ പൊതു ഇടങ്ങളിൽ എത്തിയാൽ ഇപ്പോഴത്തെ ട്രെന്റ് അവർ അണിഞ്ഞിരിക്കുന്ന വസ്ത്രം, ഹാൻഡ് ബാഗ് എന്തിന് മാസ്‌കിന്റെ വരെ ബ്രാൻഡ് വിശേഷങ്ങളും വിലയും ആവും ചർച്ചയാവുക. ഫാഷൻ അത്രയ്ക്ക് സമൂഹത്തിൽ ജനത്തെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തെരച്ചിലിന് പിന്നിൽ. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് ഒരു 'ട്രാഷ് പൗച്ച്'. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയ തുകയ്ക്ക് ലഭിക്കുന്ന ക്യാരി ബാഗിന് സമാനമാണ് ഈ ബാഗ്. എന്നാൽ വില കേട്ടാൽ ആരും ഞെട്ടും, 1,790 ഡോളർ (1.4 ലക്ഷം രൂപ) വിലയുണ്ട്.
ഒരു ആഡംബര ഫാഷൻ കമ്പനി ഇറക്കുന്ന ഈ ബാഗിനെ കുറിച്ചുള്ള ചൂടൻ ചർച്ചകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ. കാൾഫ്സ്‌കിൻ ലെതറിൽ നിന്നും നിർമ്മിച്ച ബാഗ് വെള്ളയും ചുവപ്പും, കറുപ്പ്, നീലയും കറുപ്പും, മഞ്ഞയും കറുപ്പും എന്നിങ്ങനെ നാല് കോമ്പിനേഷനുകളിൽ ലഭ്യമാണ്. വിപണിയിലെത്തുന്ന ഈ ബാഗ് സ്വന്തമാക്കി നാലാളെ കാണിക്കാൻ കാത്തിരിക്കുകയാണ് 'പാവം കോടീശ്വരൻമാർ'.