kk

ന്യൂഡൽഹി : നിതി ആയോഗിന്റെ യോഗം തെലങ്കാന,​,​ ബീഹാർ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.,​പ്രധാനമന്ത്രിക്ക് പ്രതിഷേധമറിയിച്ച് ചന്ദ്രശേഖര റാവു കത്തയക്കുകയും ചെയ്തു.

ഈയടുത്ത് കൊവിഡ് ബാധിതനായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. പകരം പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിമാരുടെ യോഗമായതിനാൽ പ്രതിനിധിയും പങ്കെടുക്കില്ല. അതേസമയം ബി.ജെ.പിയുമായുള്ള ഭിന്നതയെ തുടർന്നാണ് നിതീഷ് കുമാർ യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്ന ജനതാ ദർബാർ യോഗത്തിൽ നിതീഷ് കുമാർ പങ്കെടുക്കുന്നുണ്ട്. ഘടകക്ഷി നേതാക്കളുമായുള്ള ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ദിവസം മാറ്റി വച്ച യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

ഒരുമാസത്തിനിടെ രണ്ടാംതവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിൽക്കുന്നത്.

സംസ്ഥാനങ്ങളുടെ വികസന റാങ്കിംഗിൽ ബീഹാറിനെ ഏറ്റവും താഴെയാക്കിയതിലും നിതി ആയോഗിനോട് നിതീഷ് കുമാർ അത്ര രസത്തിലല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു.

അതേസമയം നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി,​ കൃഷി,​ ആരോഗ്യമേഖലകൾ അവലോകനം ചെയ്യും.