
ബീജിംഗ് : മുന്നറിയിപ്പുകൾ മറികടന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി നടത്തിയ സന്ദർശനത്തിന് മറുപടിയായി തായ്‌വാന് ചുറ്റും ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ തായ്‌വാന്റെ മിസൈൽ നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടെ മുതിർന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷൺൽ ചുംഗ് ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി വൈസ് പ്രസിഡന്റ് ഒയാംഗ് ലീ സിംഗിനെ തെക്കൻ തായ്‌വാനിലെ പിംഗ്റ്റുങ് കൗണ്ടിയിലെ ഹെംഗ്ചുങ് നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ ഇന്നലെ രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ വർഷം ആദ്യം രാജ്യത്തെ വിവിധ മിസൈലുകളുടെ നിർമ്മാണ മേൽനോട്ട ചുമതലകൾ തായ്‌വാൻ സർക്കാർ ഇദ്ദേഹത്തിന് കൈമാറിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന്റെ ഭാഗമായാണ് അദ്ദേഹം പിംഗ്റ്റുങിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതെന്ന് തായ്‌വാൻ അധികൃതർ പറഞ്ഞു.
ചൈനയിൽ നിന്നുള്ള ഭീഷണിയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മിസൈൽ ശക്തി കൂട്ടുന്നതിലുൾപ്പെടെ തായ്‌വാനിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ മരണം.
അതേസമയം, തായ്‌വാന് മുകളിലൂടെ ചൈനയുടെ മിസൈലുകൾ പറന്നതായി ചൈനീസ് ദേശീയ മാദ്ധ്യമം സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ തായ്‌വാൻ ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ല. ചൈന വ്യാഴാഴ്ച മുതൽ തായ്‌വാന് ചുറ്റും കടലിലും ആകാശത്തുമായി നടത്തിവരുന്ന സൈനികാഭ്യാസം മൂന്നാം ദിവസമായ ഇന്നലെയും പ്രകോപനപരമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയത്.
ചൈന തങ്ങളെ നേരിട്ടാക്രമിക്കാൻ ഒരുങ്ങുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്ന് തായ്‌വാൻ ആരോപിച്ചു. ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും ഇന്നലെയും തായ്‌വാൻ കടലിടുക്കിലെ അതിർത്തി കടന്നു.
കൂടാതെ, ചൈനയ്ക്കും കൊറിയൻ ഉപദ്വീപിനുമിടയിൽ പസഫിക് സമുദ്രത്തിലെ മഞ്ഞക്കടലിന്റെ തെക്കൻ ഭാഗത്ത് ലൈവ് - ഫയർ അഭ്യാസങ്ങൾ നടത്തുമെന്ന് ചൈനീസ് സൈന്യം അറിയിച്ചു. സൈനികാഭ്യാസം 15 വരെ നീളും.