mohammed-riyas

കൊച്ചി: എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളിയായ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് ദേശീയപാതയിലെ നിർമ്മാണ പ്രവ‌ർത്തനങ്ങൾ നടത്തേണ്ടത് എന്ന പ്രതിപക്ഷ നേതാവിന്റെ വാദം തീർത്തും വിചിത്രമാണെന്നും അറിയാതെ പറഞ്ഞത് ആണെങ്കിൽ പ്രതിപക്ഷ നേതാവ് അത് തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ദേശീയപാത അതോറിറ്റി ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ബോധപൂ‌ർവം നടത്തിയതാണെങ്കിൽ ഒരു മരണത്തെപോലും സർക്കാരിനെതിരെ തിരിക്കാനുള്ള നീച ശ്രമമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും ആലപ്പുഴയിലെ ദേശീയപാതയിൽ സമാന സംഭവം ഉണ്ടായപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നെടുമ്പാശേരിയിൽ നടന്ന മരണം ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മൺസൂണിനു മുമ്പ് കൃത്യമായി ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല. ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയും ഒരു കാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കളക്ടറോടും എറണാകുളം കളക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്. മുമ്പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നം സൃഷ്ടിച്ചത്. കേരളം മുഴുവൻ കുഴികളാണ്. ഇപ്പോൾ ഒരാളുടെ ജീവൻ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തിൽപ്പെടുന്നത്. കൈയും കാലും ഒടിഞ്ഞ് ആശുപത്രികളിൽ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സർക്കാരിന്റെ പ്രതികരണം’ – സതീശൻ ചൂണ്ടിക്കാട്ടി.