ann

ലോസ്ആഞ്ചലസ്: ഇരുനില കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറി അമേരിക്കൻ നടി ആൻ ഹെഷിന് (53) ഗുരുതര പരിക്ക്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ലോസ്ആഞ്ചലസിലെ മാർ വിസ്റ്റയിലായിരുന്നു സംഭവം. ആൻ ഓടിച്ചിരുന്ന മിനി കൂപ്പർ നിയന്ത്രണംതെറ്റി കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിൽ ആൻ മാത്രമാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിനും പിന്നാലെ കെട്ടിടത്തിനും തീപിടിച്ചിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനിന്റെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

ദി അ‌ഡ്വെഞ്ചേഴ്സ് ഒഫ് ഹക്ക് ഫിൻ, സിക്സ് ഡേയ്സ് സെവൻ നൈറ്റ്സ്, സൈക്കോ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അനതർ വേൾഡ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആൻ പ്രശസ്തയായത്.