kk

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻകറെ തിരഞ്ഞെടുത്തു. 528 വോട്ടുകൾ നേടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ധൻകർ വൻവിജയവുമായി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത്രയും നേടാനായില്ല. 780 എം.പിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തത്.

അസുഖബാധിതരായിരുന്ന ബി.ജെ.പിയുടെ സഞ്ജയ് ദോത്രെ,​ സണ്ണി ദിയോൾ എന്നിവർ വോട്ടുചെയ്തില്ല. 15 വോട്ടുകൾ അസാധുവായി. തിരഞ്ഞെടുപ്പിൽ വിട്ടു നിൽക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് 36 എം.പിമാരുള്ള തൃണമൂൽ കോൺഗ്രസിന്റെ എം.പിമാരിൽ രണ്ടുപേർ മാത്രമാണ് വോട്ടുചെയ്തത്. സിസിർ അധികാരി,​ ദിബേന്ദു അധികാരി എന്നിവരാണ് വോട്ടു ചെയ്തത്.

അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.നിലവിൽ പശ്ചിമ ബംഗാൾ ഗവ‌ർണറാണ് ജഗ്‌ദീപ് ധൻകർ. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചിരുന്നു. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ്. . ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു