
വാഷിംഗ്ടൺ: ശ്രീനാരായണ ഗുരുദേവൻ ശാസ്ത്രയുഗത്തിന്റെ ഋഷിവര്യനായിരുന്നുവെന്ന് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ നാലു ദിവസത്തെ അന്തർദേശീയ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദാന്തശാസ്ത്രത്തെ ആധുനിക ശാസ്ത്രകാരൻമാർക്കു കൂടി പുനഃപ്രവചനം ചെയ്‌തതാണ് ഗുരുവിന്റെ മഹിതമായ സംഭാവന. ദേശകാലോചിതമായി ദർശനത്തെ തേച്ചുമിനുക്കി കൂടുതൽ കാന്തിയും മൂല്യവും നൽകിയ അവതാര കൃത്യമാണ് ഗുരുദേവൻ നിർവഹിച്ചത്. സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലായി എഴുപതോളം കൃതികളിലൂടെയും ദിവ്യജീവിതം കൊണ്ടും ഗുരുദേവൻ ലോകത്തെ അനുഗ്രഹിച്ചു.
മതം ഏതുമാകട്ടെ, ദർശനം ഏതുമാകട്ടെ മനുഷ്യൻ നന്നാകണമെന്ന് ഗുരുദേവൻ ഉപദേശിച്ചു. മതമല്ല വലുത്, മനുഷ്യന് വേണ്ടി മാത്രമാണ് മതവും തത്ത്വ ദർശനവും എന്നായിരുന്നു ഗുരുവിന്റെ പക്ഷം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മനുഷ്യരുടെ മതം, വേഷം, ഭാഷ... തുടങ്ങിയ മഹാവാക്യങ്ങളിലെല്ലാം മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കിയാണ് ഗുരുദേവൻ ദർശനം അവതരിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം, ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം എന്നീ പ്രസ്ഥാനങ്ങൾ സ്ഥാപിച്ച് ഗുരുദേവൻ ധർമ്മസംസ്ഥാപനം നിർവഹിച്ചു. സാധാരണ ആദ്ധ്യാത്മികാചാര്യൻമാർ ഭൗതികതയെ മായയാക്കി തള്ളിആത്മീയശാസ്ത്രം മാത്രം ശരിയെന്ന് സിദ്ധാന്തിച്ചപ്പോൾ ഗുരുദേവൻ ആത്മീയതയിൽ ഉൗന്നിയ ഭൗതിക പുരോഗതി ലക്ഷ്യമിട്ടു. സർവമതങ്ങളെയും ദർശനങ്ങളെയും നിഷേധിക്കാതെ സമന്വയിപ്പിക്കാൻ ഗുരുദേവന് സാധിച്ചത് ലോകത്തിന് ലഭ്യമായ അനുഗ്രഹ വിശേഷമാണെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കല്ലുവിള വാസുദേവൻ അദ്ധ്യക്ഷനായി. രക്ഷാധികാരി ചന്ദ്രോത്ത് പുരുഷോത്തമൻ, അഡ്വ. അനിയൻകുഞ്ഞ് ഭാസ്‌കരൻ, പീതാംബരൻ തൈവളവിൽ, ലക്ഷ്‌മിക്കുട്ടി പണിക്കർ (വൈസ് പ്രസിഡന്റ് ), ബിജിലി വാസുദേവൻ (സെക്രട്ടറി), സുനിൽകുമാർ ഭാസ്‌കരൻ, സുരേഷ് കുമാർ ചിറക്കുഴിയിൽ (ജോയിന്റ് ട്രഷറർ), ഡോ. കല (കലാവിഭാഗം) എന്നിവർ പ്രസംഗിച്ചു.
ദൈവദശകം, ചിജ്ജഡചിന്തനം തുടങ്ങിയ ഗുരുദേവകൃതികളുടെ നൃത്തശിൽപ്പം അവതരിപ്പിച്ചു. ഡോ. സോയ, സദാനന്ദ പണിക്കർ, ഒാമന അനിയൻകുഞ്ഞ്, രേണുക സുരേഷ്, ശ്രീനിവാസൻ ശ്രീധരൻ, ധ്യാൻ വിജിലി, ലളിത ഹരിദാസ് തുടങ്ങിയവർ ഗുരുദേവകൃതികൾ പാരായണം ചെയ്തു. ഡോ. ശാർങ്‌ഗധരൻ ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. മഹിത ബിജിലി യൂത്ത് വിഭാഗം ഉദ്ഘാടനം ചെയ്തു. ഗുരുദേവൻ ഒരു മഹാകവി എന്ന വിഷയത്തിൽ ചന്ദ്രോത്ത് പുരുഷോത്തമൻ പ്രസംഗിച്ചു. ഉദയഭാനു ഭാസ്‌കരൻ പ്രഭാഷണം നടത്തി. കൺവെൻഷൻ ആഗസ്റ്റ് 7ന് മംഗളാരതിയോടെ സമാപിക്കും.
ഇന്ന് ഫിലാഡൽഫിയ, 9ന് ന്യൂയോർക്ക്, 13, 14 തീയതികളിൽ ഹൂസ്റ്റൺ എന്നിവിടങ്ങളിൽ സച്ചിദാനന്ദസ്വാമികളുടെ ആത്മീയ പ്രഭാഷണങ്ങളും നടക്കും