
കാബൂൾ: അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ടിംഗിനിടെ താലിബാൻ തട്ടിക്കൊണ്ടുപോയ പാകിസ്ഥാൻ സ്വദേശിയായ മാദ്ധ്യമപ്രവർത്തകനെ മോചിപ്പിച്ചു. ന്യൂഡൽഹി ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ന്യൂസ് ചാനലായ വിയോണിന്റെ റിപ്പോർട്ടറായ അനസ് മാലികിനെയാണ് താലിബാൻ പിടികൂടിയത്.
താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിന്റെ ഒന്നാം വാർഷികം റിപ്പോർട്ട് ചെയ്യാൻ വേണ്ടി ബുധനാഴ്ച അഫ്ഗാനിലെത്തിയ അനസിനെ വ്യാഴാഴ്ച രാത്രിയോടെയാണ് കാണാതായത്. അനസിന് താലിബാൻ അംഗങ്ങളിൽ നിന്ന് ക്രൂര മർദ്ദനമേറ്റു. അനസിന്റെ ശരീരത്തിൽ ചതവുകൾ സംഭവിച്ചിട്ടുണ്ട്.
അനസിനെ കാണാതായ വിവരം സഹപ്രവർത്തകർ കാബൂളിലെ പാക് എംബസിയെ അറിയിച്ചിരുന്നു. എംബസി താലിബാൻ ഭരണകൂടവുമായി നടത്തിയ ഇടപെടലിനൊടുവിൽ അനസിനെ 21 മണിക്കൂറുകൾക്ക് ശേഷം വെള്ളിയാഴ്ച വിട്ടയക്കുകയായിരുന്നു.
യു.എസ് ഡ്രോൺ ആക്രമണത്തിൽ അൽക്വഇദ തലവൻ അയ്‌മൻ അൽ സവാഹിരി കൊല്ലപ്പെട്ട സ്ഥലത്തെ പറ്റി അനസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പിടിയിലായത്. മാലിക്കിനൊപ്പം ഉണ്ടായിരുന്ന ക്രൂ അംഗങ്ങളായ അഫ്ഗാൻ സ്വദേശികളായ പ്രൊഡ്യൂസറെയും ഡ്രൈവറെയും ഇന്നലെയാണ് താലിബാൻ മോചിപ്പിച്ചത്.