
ചെസ് ഒളിമ്പ്യാഡിൽ കളിച്ച എട്ട് ഗെയിമിലും ജയം നേടി ഇന്ത്യൻ കൗമാരതാരം ദൊമ്മരാജു ഗുകേഷ്. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ബി ടീം അംഗമായ ഗുകേഷ് ഇന്നലെ അമേരിക്കൻ ലോക അഞ്ചാം നമ്പർ താരം ഫാബിയാനൊ കരുണയെ കീഴടക്കിയാണ് എട്ടാം റൗണ്ടിൽ ജയിച്ചു കയറിയത്. പതിന്നാറുവയസ് മാത്രമുള്ള ഗുകേഷിന് മുന്നിൽ ഇതുവരെ പലവമ്പൻമാരും മുട്ടുകുത്തിക്കഴിഞ്ഞു. സ്പാനിഷ് താരം അലക്സി ഷിറോവ്, അർമേനിയൻ താരം ഗബ്രിയേൽ സർഗിസിയാൻ എന്നിവരുൾപ്പെടെയുള്ളവർ ഗുകേഷിന് മുന്നിൽ തോൽവി സമ്മതിച്ചു. ഏഴാം റൗണ്ട് കഴിഞ്ഞപ്പോൾ ഗുകേഷിന്റെ പെർഫോമൻസ് റേറ്റിംഗ് 3335 ആയിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ മിന്നും താരമായി മാറിയിരിക്കുകയാണ് ഗുകേഷ്. ഇ.എൻ.ടി സർജനായ രജനീകാന്തിന്റേയും മൈക്രോബയോളജിസ്റ്റായ പദ്മയുടേയും മകനായ ഗുകേഷ് ഏഴാം വയസിലാണ് കരുക്കൾ കൈയിലെടുക്കുന്നത്.
ഗുകേഷ് ഉൾപ്പെട്ട ഇന്ത്യ ബി ടീം അമേരിക്കയെ 3-1ന് കീഴടക്കി. മലയാളി താരം നിഹാൽ സരിൻ ലെവോൺ ആരോണിയനെ സമനിലയിൽ പിടിച്ചു. അതേസമയം ഇന്ത്യ എടീം അർമേനിയയോട് 1.5-2.5ന് തോറ്റു. ഇന്ത്യ സി ടീം പെറുവിനോട് 1-3ന് കീഴടങ്ങി.
വനിതകളിൽ ഇന്ത്യ ബി ടീം ക്രൊയേഷ്യയെ 3.5-.5ന് തോൽപ്പിച്ചു. വനിതാ എ ടീം യുക്രെയിനോട് സമനിലിയിൽ കുരങ്ങിയപ്പോൾ സി ടീം പോളണ്ടിനോട് തോറ്രു.