
കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ നിന്ന് ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. ഇന്നലെ പുരുഷൻമാരുടെ ഫ്രീസ്റ്റൈലിൽ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ സ്വർണം നേടി. ഫൈനലിൽ നൈജീരിയയുടെ ഇബികെവിനിമോ വെൽസണെ 10-0ത്തിന് കീഴടക്കിയാണ് രവികുമാർ പൊന്ന് നേടിയത്. വിനേഷ് ഫോഗട്ട്, നവീൻ എന്നിവരും ഫൈനലിൽ എത്തിയിട്ടുണ്ട്. വനിതകളുടെ 50 കിലോയിൽ പൂജ ഗെഹലോട്ട് വെങ്കലം നേടി. പൂജ സിംഗ്, ദീപക് മെഹ്റ എന്നിവരും വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടി.
വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിൽ നടത്തത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പ്രിയങ്ക. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെയും ലോൺ ബാൾ മെൻസ് ഫോർസ് ടീമും വെള്ളിയണിഞ്ഞു. ബോക്സിംഗിൽ  ജാസ്മിന് വെങ്കലമുണ്ട്.