israel

ടെൽ അവീവ്: ഗാസയിൽ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) ഗ്രൂപ്പ് അംഗങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ ഉന്നത കമാൻഡർ തയ്‌സീർ ജബരിയുൾപ്പെടെയുള്ള പി.ഐ.ജെ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വയസുള്ള പെൺകുട്ടിയും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച മുതൽ ഇസ്രയേലിന് നേരെ 300 റോക്കറ്റാക്രമണങ്ങൾ ഗാസ നടത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിച്ച മിസൈലുകളെയെല്ലാം ഇസ്രയേൽ അയൺഡോം മിസൈൽ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിച്ചതിനാൽ സിവിലിയൻമാർക്ക് പരിക്കേറ്റിട്ടില്ല. വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിനിടെ 19 പി.ഐ.ജെ അംഗങ്ങളെ ഇസ്രയേൽ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈകിയും ഗാസയും ഇസ്രയേലും തമ്മിൽ ആക്രമണാന്തരീക്ഷം തുടരുകയാണ്. ഇന്നലെ വരെ ലക്ഷ്യമിട്ട 30 പി.ഐ.ജെ കേന്ദ്രങ്ങളിൽ 2 എണ്ണം ആയുധ സംഭരണ കേന്ദ്രങ്ങളും ആറെണ്ണം റോക്കറ്റ് നിർമ്മാണ കേന്ദ്രങ്ങളുമായിരുന്നു എന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ആക്രമണങ്ങളിൽ 120 ലേറെ പേർക്ക് പരിക്കേറ്റതായി പലസ്തീൻ ആരോഗ്യപ്രവർത്തകർ പറയുന്നു. മദ്ധ്യ ഇസ്രയേലിൽ ബോംബാക്രമണം നടത്തുമെന്ന പി.ഐ.ജെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ഐ.ജെ ഇറാന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. സിറിയയിലെ ഡമാസ്കസിൽ ആസ്ഥാനമുള്ള പി.ഐ.ജെ ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ്.