ss

വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്ത് കടുക്കാമൂട് വാർഡ് മെമ്പർ സുമത്തെ സി.പി.എം പ്രവർത്തകൻ മർദ്ദിച്ചതായി​ പരാതി. ഇന്നലെ വൈകി​ട്ട് 4.30 ന് കടുക്കാമൂട് വച്ചായി​രുന്നു സംഭവം. ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പ് കണക്ഷൻ നൽകുന്നതിലെ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പരാതി.

പൈപ്പ് കണക്ഷനുമായി ബന്ധപ്പെട്ട പണി നടക്കുന്ന സ്ഥലത്തേക്ക് കരാറുകാരൻ വാർഡ് അംഗത്തെ വിളിച്ചുവരുത്തുകയും പ്രവൃത്തി സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് എന്താണ് കാര്യം എന്ന് ചോദിച്ചെത്തിയ സി.പി.എം പ്രവർത്തകൻ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

സംഭവത്തി​ൽ സുമത്തിന്റെ ഭർത്താവ് ബിനു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് എന്നിവരെയും ഇയാൾ മർദ്ദിച്ചു. മർദ്ദനമേറ്റ മൂവരെയും വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരാതി നൽകിയിട്ടും പൊലീസ് നടപടി​യെടുത്തില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആര്യനാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ രാത്രി 8.30 ന് തുടങ്ങിയ ഉപരോധം രാത്രി വൈകിയും തുടർന്നു.

വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്‌മി, വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, കോൺഗ്രസ് നേതാക്കളായ സി.ആർ. ഉദയകുമാർ, ജ്യോതിഷ്‌കുമാർ, സത്യഭാസ്, സ്ത്രംദാസ് പൊന്നെടുത്തകുഴി തുടങ്ങി​യവർ ഉപരോധത്തിന് നേതൃത്വം നൽകി. ഉപരോധം രാത്രി 9.30തോടെ അവസാനിച്ചു.