
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ കൃഷ്ണക്ഷേത്രത്തിന് സമീപം വിനീതിനെയാണ് (25) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്.
പരവൂർ സ്വദേശിയായ പെൺകുട്ടിയെ തമ്പാനൂരിലെ ലോഡ്ജിലെത്തിച്ച് കഴിഞ്ഞമാസം പീഡിപ്പിച്ച കേസിലാണ് നടപടി. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുന്ന പെൺകുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ പിന്തുടർന്ന് സൗഹൃദം ഉറപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സമാനമായ വേറെയും കേസുകളെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് പുതിയ കാർ വാങ്ങുന്നതിനായി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടിയെ ഇയാൾ ക്ഷണിച്ചത്.
തിരുവനന്തപുരത്തെത്തിയപ്പോൾ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പെൺകുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. പ്രതിയുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. പിന്നീടാണ് ഇയാൾ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണ് പലരും ഇയാളുടെ വലയിൽ വീണതെന്നാണ് വിവരം. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
അസി.കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ സി.ഐ പ്രകാശ്, എസ്.ഐ സുബിൻ, എ.എസ്.ഐ ഗോപകുമാർ, പൊലീസുകാരായ സജു, അജയകുമാർ, സുനിൽ, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.