
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കാണാൻ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ എത്തി. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിക്രാന്ത് കാണാൻ മോഹൻലാൽ എത്തിയത്. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായി ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കാൻ മോഹൻലാലിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോഹൻലാൽ എത്തിയത്. നാവികസേനയിലെയും കപ്പൽശാലയിലെയും ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും അദ്ദേഹം സംസാരിച്ചു. നാവികസേനയും കപ്പൽശാലയും മോഹൻലാലിന് ഉപഹാരം സമ്മാനിച്ചു. നടനും സംവിധായകനുമായ മേജർ രവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഐ.എൻ.എസ് വിക്രാന്തിലെ ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിക്രാന്ത് സന്ദർശിക്കാൻ സാധിച്ചത് അഭിമാനമെന്ന് മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. കഴിഞ്ഞ മാസമാണ് ഐ.എൻ.എസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറിയത്.