
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഗോദ ഇന്നലെയും ഇന്ത്യൻ അക്കൗണ്ടിൽ മെഡൽ നിറച്ചു. പുരുഷൻമാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈലിൽ രവി ദാഹിയയാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. 10-0ത്തിന് ഫൈനലിൽ നൈജീരിയൻ താരത്തെ നിഷ്പ്രഭനാക്കി രവി. കോമൺവെൽത്ത് ഗെയിംസിൽ രവിയുടെ ആദ്യ മെഡലാണിത്. പിന്നാലെ വിനേഷ് ഫോഗട്ടും സ്വർണം നേടി. വനിതകളുടെ 53 കിലോഗ്രാമിൽ ശ്രീലങ്കയുടെ ചമോദിയ കേഷനി മദുരവലഗെയെയാണ് തോൽപ്പിച്ചത്. പുരുഷൻമാരുടെ 74 കിലോയിൽ നവീൻ പാകിസ്ഥാന്റെ താഹിർ മുഹമ്മദ് ഷെരീഫിനെ മലർത്തിയടിച്ച് പൊന്നണിഞ്ഞു. വനിതകളുടെ 50 കിലോയിൽ പൂജ ഗെഹലോട്ട്, 76കിലോയിൽ പൂജ സിഹാഗ്, പുരുഷൻമാരുടെ 97കിലോയിൽ ദീപക്ക് നെഹ്റ എന്നിവർ വെങ്കലം നേടി. 
പാരാ ടേബിൾ ടെന്നീസ് സിംഗിൾ ക്ലാസസിൽ സോനാ ബെൻ പട്ടേൽ വെങ്കലം നേടി.
ജാസ്മിനും ഹുസ്സാമുദ്ദീനും വെങ്കലം
ബോക്സിംഗിൽ വനിതകളുടെ ലൈറ്റ് വെയ്റ്റിൽ (57-60) ഇന്ത്യയുടെ ജാസ്മിൻ വെങ്കലം നേടി. സെമിയിൽ ഇംഗ്ലീഷ് താരം ജമ്മ റിച്ചാർഡ്സണോട് തോറ്രതോടെയാണ് ജാസ്മിന്റെ സ്വർണ സ്വപ്നം വെങ്കലമായത്. ജാസ്മിന്റെ ആദ്യ കോമൺ വെൽത്ത് ഗെയിംസാണിത്.പുരുഷൻമാരുടെ 57 കിലോഗ്രാം ഫെതർവെയ്റ്റിൽ മുഹമ്മദ് ഹുസ്സാമുദ്ദീനും വെങ്കലും നേടി
ലൈറ്റ് ഫ്ലൈയിൽ (48-50 കിലോ) സെമിയിൽ ഇംഗ്ലീഷ് താരം സ്റ്രാവന്ന സ്റ്റൂബ്ലിയെ കീഴടക്കി ഇന്ത്യൻ മെഡൽ പ്രതീക്ഷയായ നികാത്ത് സരീൻ ഫൈനലിലെത്തി വെള്ളി ഉറപ്പിച്ചു. മിനിമം വെയ്റ്റിൽ (45-48 കിലോ) നീതുവും പുരുഷൻമാരുടെ ഫ്ലൈവെയ്റ്റിൽ അമിത് പംഗലും ഫൈനലിലെത്തിയിട്ടുണ്ട്.
ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനളമുയർത്തി പി.വി സിന്ധു സെമിയിൽ എത്തി. അതേസമയം പി. കശ്യപ്പ് പുറത്തായി.
പ്രിയങ്കയുടെ വെള്ളി നടപ്പ്
വനിതകളുടെ 10,000 മീറ്റർ നടത്തിൽ പ്രിയങ്ക ഗോസ്വാമി ഇന്ത്യൻ മെഡൽ അക്കൗണ്ടിലേക്ക് അപ്രതീക്ഷിത വെള്ളിയെത്തിക്കുകയായിരുന്നു. 43മിനിട്ട് 38.83 സെക്കൻഡിലാണ് 10 കിലോ മീറ്റർ ദൂരം പ്രിയങ്ക വെള്ളിത്തിളക്കത്തിൽ നടന്നെത്തിയത്. ഗെയിംസിൽ നടത്തത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പ്രിയങ്ക. പ്രിയങ്കയുടെ പേഴ്സണൽ ബെസ്റ്റ് പ്രകടനമാണിത്. ആദ്യ 4 കിലോമീറ്ററിൽ തന്നെ എതിരാളികളെ പിന്നിലാക്കി പ്രിയങ്ക മുന്നിലെത്തിയിരുന്നു. എന്നാൽ അവസാന ലാപ്പുകളിൽ ആസ്ട്രേലിയൻ താരം ജെമീമ മോൺടാഗ് പ്രിയങ്കയെ മറികടന്ന് 42.34.30 സെക്കൻഡിൽ സുവർണ ഫിനിഷ് നടത്തുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് റെക്കാഡോടെയാണ് ജെമീമ സ്വർണം അണിഞ്ഞത്. കെനിയയുടെ എമിലി വാമൂസി (43 മിനിട്ട്സ 50.86 സെക്കൻഡ്) വെങ്കലം നേടി.
സബാഷ് സാബ്ലെ
പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയാണ് 8 മിനിട്ട് 11.20 സെക്കൻഡിലാണ് വെളളി സ്വന്തമാക്കിയത്.
തലനാരിഴയ്ക്കാണ് സാബ് ലെയ്ക്ക് സ്വർണം നഷ്ടമായത്. 8 മിനിട്ട് 11.15 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയയുടെ അബ്രഹാം കിബിവോട്ടിനാണ് സ്വർണം. കെനിയയുടെ തന്നെ ആമോസ് സെറം വെങ്കലം നേടി. സാബ് ലെയുടെ ആദ്യ കോമൺവെൽത്ത് മെഡലാണിത്.
2019 ലെ ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലും സാബ്ലെ വെള്ളി നേടിയിരുന്നു.
ലോൺബാളിൽ 
വീണ്ടും ചരിത്രം
ലോൺബാളിൽ മെൻസ് ഫോർസിൽ വെള്ളി നേടി ഇന്ത്യൻ താരങ്ങൾ. ഫൈനലിൽ അയർലൻഡിനോട് 5-18നാണ് ഇന്ത്യൻ ടീം തോറ്റത്. സുനിൽ ബഹദൂർ (ലീഡ്), നവനീത് സിംഗ് (സെക്കൻഡ്), ചന്ദൻ കുമാർ (തേർഡ്) , ദിനേഷ് കുമാർ (സ്കിപ്പ്) എന്നിവരുൾപ്പെട്ട ടീമാണ് ഇന്ത്യയുടെ മെഡൽ അക്കൗണ്ടിൽ വെള്ളിയെത്തിച്ചത്. നേരത്തേ ലോൺബാളിൽ വുമൻസ് ഫോർസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.
ഹിമ ഫൈനലിൽ എത്തിയില്ല
വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹിമ ദാസിന് ഫൈനലിൽ എത്താനായില്ല. സെമിയിൽ രണ്ടാം ഹീറ്റ്സിൽ 23.42 സെക്കൻഡിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹിമയ്ക്ക് സെക്കൻഡിൽ ഒരംശത്തിനാണ് ഫൈനൽ നഷ്ടമായത്. 22.93 സെക്കൻഡിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീൻ എംബോ ഒന്നാമതും 23.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആസ്ട്രേലിയയുടെ എല്ല കൊണോല്ലി രണ്ടാമതും ഫിനഷ് ചെയ്തു. സെമിയിലെ മൂന്ന് ഹീറ്റ്സുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്കും മികച്ച സമയം കുറിച്ച അടുത്ത രണ്ട് പേർക്കുമാണ് ഫൈനലിലേക്ക് യോഗ്യത കിട്ടുക. 24 പേർ പങ്കെടുത്ത സെമിയിൽ പത്താമതാണ് ഹിമ.
ഹോക്കി: വനിതകൾ 
സെമിയിൽ ഷൂട്ടൗട്ടിൽ 
വീണു, വിവാദം
കോമൺവെൽത്ത് വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട സെമിയിൽ ഓസ്ട്രേലയയോട് തോറ്റു. നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ടൈമറിനെച്ചൊല്ലി വിവാദമുയർന്ന ഷൂട്ടൗട്ടിൽ 3-0ത്തിന് ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. നിശ്ചിത സമയത്ത് റബേക്ക ഗ്രെയിനർ ഓസ്ട്രേലിയയ്ക്കും വന്ദന കതാരിയ ഇന്ത്യയ്ക്കുമായും സ്കോർ ചെയ്തു.
ടൈമർ ഓണാക്കിയില്ല
വിവാദങ്ങളോടെയായിരുന്നു ഷൂട്ടൗട്ട് തുടങ്ങിയത്. ഓസ്ട്രേലിയയുടെ ആംബ്രോസിയ മലോൺ എടുത്ത ആദ്യ കിക്ക് ഇന്ത്യൻ ഗോളിയും ക്യാപ്ടനുമായ സവിത പൂനിയ സേവ് ചെയ്തു. എന്നാൽ ടൈമർ ഓണാക്കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ വീണ്ടും ഓസീസിന് ആദ്യ കിക്കെടുക്കാൻ അവസരം നൽകി.ഇത്തവണ ആംബ്രോസിയ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ആദ്യ കിക്കെടുത്ത ലാൽറെംസിയാമിക്ക് പിഴയ്ക്കുകയും ചെയ്തു. ഒടുവിൽ ഓസീസ് 3-0ത്തിന് ജയം നേടി. ടൈമർ ഓണാക്കാതിരുന്ന പിഴവും ഓസീസിന് നഷ്ടപ്പെടുത്തിയ കിക്ക് വീണ്ടും എടുക്കാൻ അവസരം നൽകിയതും ഇന്ത്യൻ താരങ്ങളുടെ താളം തെറ്റിച്ചുവെന്നും ഇതാണ് തോൽവിക്ക് കാരണമെന്നും പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു. ചില തീരുമാനങ്ങൾ നമ്മൾക്ക് എതിരാകും. ഓസീസിന് നഷ്ടപ്പെടുത്തിയ കിക്ക് വീണ്ടും എടുക്കാൻ അവസരം ലഭിച്ചത് നമുക്ക് തിരിച്ചടിയായി. ഇതല്ലാം കളിയുടെ ഭാഗമാണ്. മുന്നോട്ടു പോകേണ്ടതുണ്ട്. വെങ്കല മെഡൽ സ്വന്തമാക്കുകയാണ് ഇനി ലക്ഷ്യം. - ഇന്ത്യൻ ക്യാപ്ടൻ സവിതാ പൂനിയ പറഞ്ഞു.
ക്രിക്കറ്രിൽ മെഡലുറപ്പിച്ച് ഇന്ത്യ
കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 4 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ കടന്ന് മെഡലുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ സ്മൃതി മന്ഥന ( 32 പന്തിൽ 61), 31 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്ന ജമൈമ റോഡ്രിഗസ്, ദീപ്തി ശർമ്മ (22) എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്നാണ് ഫൈനൽ.