kerala-rain-

കോട്ടയം. വെള്ളപ്പൊക്കത്തിന് ശേഷം ആക്രിക്കടകളിലേയ്ക്ക് എത്തുന്നത് പ്ലാസ്റ്റിക് മുതൽ ഇരുമ്പും ചെമ്പും വരെ. ഒഴുക്കുവെള്ളത്തിൽ പിടിച്ചെടുത്തവ കൂട്ടത്തോടെ ആക്രിക്കടകളിൽ നിറയുകയാണ്. കടലാസിന്റെ വരവ് കുറഞ്ഞപ്പോൾ പ്ലാസ്റ്റിക് കുപ്പി മുതലുള്ളവയുടെ വരവ് കൂടി. വില കൂടിയതോടെ കൈനിറയെ കാശുമായാണ് ആളുകളുടെ മടക്കം.

പാഴ്വസ്തുക്കൾ ശേഖരിച്ച് ആളുകൾ ആക്രി കടകളിലേക്ക് എത്തിക്കുകയാണ്. കുപ്പി, കമ്പി, ടയർ ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. കേരള സ്‌ക്രാപ്പ് മർച്ചന്റ് അസോസിയേഷന്റെ ആക്രി ആപ്പിൽ പഴയ പത്രത്തിന് കിലോ 24 രൂപയാണ് വില. എന്നാൽ മൊത്ത വ്യാപാര കടകളിൽ 30 രൂപ ലഭിക്കും. ഒരു കിലോ പ്ലാസ്റ്റിക്ക് കുപ്പിയ്ക്ക് 14 രൂപ കിട്ടും. കാർട്ടൺ, വീപ്പ, ഇരുമ്പ് കമ്പികൾ എന്നിവയ്ക്കും നല്ല വിലയുണ്ട്. വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

സി.പി.യു, മോണിറ്റർ, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോണുകൾ എന്നിവയും ഇപ്പോൾ ആക്രി കടകളിലെടുക്കും. സർക്കാരിന്റെ കുടിവെള്ള പദ്ധതികളുടെ പൈപ്പുകളും കേബിളുകളും അലൂമിനിയം കമ്പികളും ഫുഡ് കണ്ടെയ്നറുകളും ഗ്യാസുകുറ്റികളും വീപ്പകളും വരെ എത്തുന്നു.

'' വെള്ളപ്പൊക്കത്തിന് ശേഷം ആക്രിസാധനങ്ങൾ ധാരാളമായി എത്തുന്നുണ്ട്. ആക്രിസാധനങ്ങൾക്കെല്ലാം വില കൂടി. തിരുനെൽവേലി, തെങ്കാശി ഭാഗങ്ങളിലേയ്ക്കാണ് ഇവ കൂടുതലായി കയറ്റിവിടുന്നത്'' കോട്ടയം ചന്തയിലെ ആക്രി മൊത്തവ്യാപാരി ഷിബു പറയുന്നു