
വിവാഹ കാര്യങ്ങളിൽ പൊരുത്തം നോക്കുമ്പോൾ നമ്മൾ മലയാളികൾ ഏറ്റവുമധികം കേട്ടിട്ടുളള ചില കാര്യങ്ങളുണ്ട്. ചൊവ്വാദോഷം, പാപജാതകം,പത്തിൽപത്ത് പൊരുത്തം ഇങ്ങനെയൊക്കെ പലപല പ്രയോഗങ്ങൾ ഇവയിൽ വിശ്വസിക്കുന്നവർക്ക് തലവേദനയാണ്. യുവതീയുവാക്കൾ പുരനിറഞ്ഞ് നിൽക്കുന്നതിൽ മുന്നിലുളള മുഖ്യവില്ലൻ പലപ്പോഴും ചൊവ്വാദോഷമാണ്. പൊതുവിൽ പെൺകുട്ടികൾ ചൊവ്വാദോഷക്കാരിയാണ് എന്ന പേരിലാണ് പ്രശ്‌നങ്ങളാണ് കൂടുതൽ കേൾക്കുന്നതെങ്കിലും ആൺകുട്ടികൾക്കും ചൊവ്വാദോഷം പ്രശ്‌നമുണ്ടാക്കാറുണ്ട്.
ചൊവ്വാദോഷമുളളയാൾ വിവാഹിതരായാൽ തമ്മിൽ പിരിയേണ്ടി വരുമെന്നും ഭർത്താവിനോ ഭാര്യയ്‌ക്കോ അവരുടെ വീട്ടുകാർക്കോ പ്രശ്‌നമുണ്ടാകാം എന്നെല്ലാം പല വിധ ദോഷങ്ങൾ ചൊവ്വയുടെ പേരിൽ പറഞ്ഞു കേൾക്കാറുണ്ട്. സത്യത്തിൽ ചൊവ്വ അത്ര പ്രശ്‌നക്കാരനാണോ? എന്താണ് ഈ പറഞ്ഞുകേൾക്കുന്നതിനെല്ലാം കാരണം? ഇതിന് കാരണം ജ്യോതിഷമനുസരിച്ച് ഏറ്റവും പാപമുളള ഗ്രഹം ചൊവ്വയാണ്. വിവാഹപൊരുത്തം നോക്കുമ്പോഴാണ് ചൊവ്വയ്‌ക്ക് പ്രാധാന്യമുളളത്. ചൊവ്വയ്‌ക്ക് ആകെ 12 ഭാവങ്ങളിൽ ആറെണ്ണം ദോഷകരമാണ്. വിവാഹ പൊരുത്തത്തിൽ എട്ട്, പന്ത്രണ്ട് ലഗ്‌നത്തിൽ ചൊവ്വ നിന്നാൽ സ്‌ത്രീകൾക്ക് ദോഷമാണ്എന്ന് പറയാറുണ്ട്.
എന്നാൽ കേവലം ചൊവ്വാദോഷമൊന്നുകൊണ്ട് ഒരാൾക്ക് വൈധവ്യമോ ബുദ്ധിമുട്ടോ ഉണ്ടാകും എന്ന് പറയാനുമാകില്ല. ഏഴാംഭാവത്തിന്റെയും ഭാവാധിപന്റെയും ബലം, ശുക്രന്റെ ബലം ഇവ കൂടിയനുസരിച്ചേ ചൊവ്വാ ദോഷം ബാധകമാകൂ. വിവാഹകാരകനാണല്ലോ ശുക്രൻ. ഏഴ്, എട്ട് എന്നീ ഭാവങ്ങളിൽ ചൊവ്വ നിന്നാൽ സ്ത്രീകൾക്ക് വലിയ ദോഷമെന്നാണ് പറയാറ്. എന്നാൽ ഇതിന് പരിഹാരമായി ഏഴാംഭാവത്തിൽ ചൊവ്വയോ ഒന്നിലധികം പാപഗ്രഹങ്ങളോ നിൽക്കുന്ന പുരുഷന്റെ ജാതകവുമായി യോജിപ്പിച്ചാൽ മതി. മകരമോ, കർക്കിടകമോ ഏഴാം ഭാവത്തിൽ ഉണ്ടെങ്കിലും അത് ദോഷകരമല്ല. ചിങ്ങം രാശിയിൽ ഏഴാം ഭാവത്തിൽ ചൊവ്വ നിന്നാലും പാപമില്ല. മാത്രമല്ല ശുഭകരമാണ്. കാരണം ചിങ്ങം രാശിയിൽ യോഗകാരകനാണ് ചൊവ്വ എന്നതിനാലാണത്. ചൊവ്വ സ്വക്ഷേത്രത്തിലും ഉച്ചത്തിലും ബന്ധുക്ഷേത്രത്തിലും നിന്നാൽ പാപകാരകമല്ല. കർക്കിടക ലഗ്നത്തിൽ ചൊവ്വ കേന്ദ്ര ത്രികോണാധിപനാണ്. ചന്ദ്രനോടും ബുധനോടും വ്യാഴത്തോടും ചൊവ്വ യോഗം ചേർന്നാൽ ദോഷകരമല്ല.
ചൊവ്വാദോഷം അകലാൻ കൃത്യമായി ഈശ്വരഭജനം നടത്തണം. ദേവസേനാപതിയായ സുബ്രഹ്‌മണ്യസ്വാമിയെ ഭജിക്കാം. ദേവിയെയും ഹനുമാനെയും ഭജിക്കുന്നതും ചൊവ്വാഴ്‌ച ദിവസങ്ങളിൽ അതിരാവിലെ കുളിച്ച് ഈ ക്ഷേത്രങ്ങളിൽ മൂർത്തീദർശനം നടത്തി ദേവതാപ്രീതി നേടുന്നതും ഉചിതമാണ്. ഒരിക്കലൂണും പകൽ ഉപവസിക്കുന്നതും ഭക്തിയോടെ ചെയ്യുന്നത് നല്ല ഫലം തരുമെന്നും വിശ്വസിക്കപ്പെടുന്നു.