dileep

ദിലീപ് - റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥൻ'. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിംഗ്‌മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും സംഭാഷണവും റാഫി തന്നെയാണ്.

ഇപ്പോഴിതാ ഒരിടവേളയ്‌ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിം​ഗ് വീണ്ടും ആരംഭിക്കുന്നുവെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ബാദുഷ. ഒരിടവേളയ്ക്കു ശേഷം 'വോയ്സ് ഓഫ് സത്യനാഥൻ' ഷൂട്ട് ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

dileep

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. എന്നാൽ ചില പ്രശ്നങ്ങൾ കാരണം ഷൂട്ടിം​ഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജിതിൻ സ്റ്റാനിലസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസ്‌ സംഗീതം നിർവഹിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.