murder

ബംഗളൂരു: ലൈംഗിക തൊഴിലിലേർപ്പെടാൻ നിർബന്ധിച്ച സ്‌ത്രീകളെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കർണാടകയിൽ മണ്ഡ്യയിലും ബംഗളൂരുവിലും മൂന്ന് സ്‌ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. രാമനഗര കുഡൂർ സ്വദേശി സിദ്ധലിംഗപ്പ(35) ഇയാളുടെ കാമുകിയായ ചന്ദ്രകല എന്നിവരാണ് പിടിയിലായത്. ശ്രീരംഗപട്ടണം പൊലീസാണ് ഇവരെ പിടികൂടിയത്.

ജൂൺ ഏഴിന് മാണ്ഡ്യയിൽ അരകെരെ, കെ ബെട്ടനഹള‌ളി എന്നിവിടങ്ങളിൽ നിന്നും തലയില്ലാത്ത രണ്ട് മൃതദേഹാവശിഷ്‌ടങ്ങൾ ലഭിച്ചിരുന്നു, പൊലീസ് അന്വേഷണത്തിൽ ഇത് ലൈംഗികതൊഴിലാലികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരുടേതാണെന്ന് മനസിലാക്കി. ബംഗളൂരുവിൽ അഡുഗോഡിയിൽ കുമുദ എന്ന സ്‌ത്രീയുടെയും മൃതദേഹവും പിന്നീട് കണ്ടെത്തി. ഇവരുടെ ബന്ധുക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നവരാണ് പ്രതികൾ. ചന്ദ്രകലയെ ലൈംഗികതൊഴിലിലേയ്ക്ക് തിരിയാൻ പ്രേരിപ്പിച്ചത് സിദ്ധമ്മയും പാർവതിയുമായിരുന്നു. ഇതിന്റെ പ്രതികാരം ചെയ്യണമെന്ന് ചന്ദ്രകല മനസിലുറപ്പിച്ചിരുന്നു. ഇതിന് കാമുകന്റെ സഹായം തേടി. ബംഗളൂരുവിലെ കമ്പനി തൊഴിലാളിയായ സിദ്ധലിംഗപ്പയും ചന്ദ്രകലയും ചേർന്ന് ചന്ദ്രകലയെ ലൈംഗികവൃത്തിയിലേക്ക് എത്തിച്ച അഞ്ചുപേരെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

മൈസൂരുവിൽ മേട്ടഗള‌ളിയിൽ ഇരുവരും വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് ജൂൺ അഞ്ചിന് തീരുമാനിച്ചതനുസരിച്ച് സ്‌ത്രീകളെ വിളിച്ചുവരുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം തലയറുത്തു. പിന്നീട് ബൈക്കിൽ വിവിധയിടങ്ങളിൽ കൊണ്ടുവന്ന് ശരീരാവശിഷ്‌ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ സ്വർണാഭരണങ്ങൾ ഇവർ കവർന്നെടുത്തിരുന്നു. തുംകൂരിൽ ദാബാപേട്ടയിൽ നാലാമത്തെയാൾക്കായി ഇവർ‌ കാത്തിരിക്കുമ്പോഴാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.