
അമൂല്യവും വിലമതിക്കാനാവാത്തതുമായ ആഭരണങ്ങളും, രത്നക്കല്ലുകളും, നാണയങ്ങളും നിറഞ്ഞ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയെ കുറിച്ചുള്ള അദ്ഭുത കഥകൾ അറിയാത്തവരായി ലോകത്ത് ആരുമുണ്ടാവില്ല. ഏത് ആപത്തിൽ നിന്നും അനന്തപുരിയെ പോറൽ പോലും ഏൽക്കാതെ കാത്തു സൂക്ഷിക്കുന്ന പദ്മനാഭസ്വാമിയുടെ സ്വത്ത് വിവരങ്ങൾ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിലവറ തുറന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചത്. ബി നിലവറയൊഴിച്ച് ബാക്കി എല്ലാ നിലവറകളിലും ഉള്ള വസ്തുക്കൾ കണക്കെടുപ്പിനായി തുറന്ന് പരിശോധിച്ചിരുന്നു.
ബി നിലവറയ്ക്ക് സമീപത്തുള്ള എ നിലവറയിൽ പരിശോധന നടത്താൻ എത്തിയ സംഘത്തിൽ കൊട്ടാരം പ്രതിനിധിയായി അവിട്ടം തിരുനാൾ ആദിത്യവർമ്മയുമുണ്ടായിരുന്നു. ബി നിലവറയുടെ പേരിൽ നിരവധി കെട്ടുകഥകളും, ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രധാനമായും ബി നിലവറയുടെ വാതിൽ എന്ന തരത്തിൽ നാഗങ്ങൾ കാവൽ നിൽക്കുന്ന ചിത്രവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങൾ പോലെയുള്ള വാതിലല്ല ബി നിലവറയ്ക്കുള്ളതെന്ന് അവിട്ടം തിരുനാൾ ആദിത്യവർമ്മ പറയുന്നു. എ നിലവറയിൽ കണ്ട കാഴ്ചകളെ കുറിച്ചും, ബി നിലവറയെ കുറിച്ചുള്ള കേട്ടറിവുകളെ കുറിച്ചും അദ്ദേഹം ഒരു നഗരത്തിന്റെ കഥ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.