
കൊച്ചി: നാഷണൽ ബൈക്ക് റേസിംഗ് ചാമ്പ്യൻഷിപ്പ് പകുതി പിന്നിട്ടപ്പോൾ ഒന്നാം സ്ഥാനത്തുള്ള കൊച്ചിക്കാരി ഫസീലയുടെ തുടർയാത്ര പണമില്ലാതെ വഴിമുട്ടുകയാണ്. ചിക്കമംഗളൂർ, മംഗലാപുരം, കോയമ്പത്തൂർ റൗണ്ടുകളിൽ ഫസീലയാണ് മുന്നിൽ. ബംഗളൂരു, നാസിക്, പൂനെ റൗണ്ടുകളിലും ഒന്നാമതായാൽ ദേശീയ ചാമ്പ്യനാവും. പക്ഷേ, പങ്കെടുക്കാൻ പണമില്ല. സുമനസുകൾ കനിയണം. അടുത്ത ഞായറാണ് നാലാം റൗണ്ട്. ഒക്ടോബറിലും ഡിസംബറിലുമാണ് അവസാന രണ്ട് റൗണ്ടുകൾ.
'റേസിംഗ് ഫസീലയ്‌ക്ക് ഹോബിയല്ല, ജീവിതം" എന്ന വാർത്തയിൽ 2021 ഒക്ടോബർ 31ന് കേരളകൗമുദി ഫസീലയുടെ സാഹസികത അവതരിപ്പിച്ചിരുന്നു. ഫെഡറേഷൻ ഒഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്‌സ് ഒഫ് ഇന്ത്യയുടെ ഓഫ് റോഡ് ലൈസൻസ് എടുത്ത കേരളത്തിലെ ആദ്യ വനിതയാണ് ഫസീല. ഒന്നാംതരം സൂംബ, യോഗ അഭ്യാസി. ഇവ പരിശീലിപ്പിച്ചും റേസിംഗ് ബൈക്ക് വർക്ക്ഷോപ്പിൽ പണിയെടുത്തും പണമുണ്ടാക്കിയാണ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. കൊവിഡ് എല്ലാം തെറ്റിച്ചു. യോഗ സെന്റർ അടച്ചു. ഓൺലൈൻ ക്ളാസ് വിജയിച്ചില്ല.അമ്മയും മകളുമൊത്ത് പാലക്കാട്ടേക്ക് താമസം മാറിയതോടെ വർക്ക്ഷോപ്പ് വരുമാനവും നിലച്ചു.
കടംവാങ്ങിയും മറ്റുമാണ് മൂന്നു റൗണ്ടിൽ മത്സരിച്ചത്. ഓരോ റൗണ്ടിലും എൻട്രി ഫീസ് 5,000രൂപ. ബൈക്ക് കൊണ്ടുപോകുന്നതുൾപ്പെടെ ഒരു റൗണ്ടിന് ചെലവ് 50,000 വരെ. ഓരോ റൗണ്ടിലും ബൈക്കിന് അറ്റകുറ്റപ്പണി നടത്തണം.
2013 മോഡൽ ബൈക്ക്
മിക്കവരും വിദേശ ബൈക്കുകളിൽ മത്സരിക്കുമ്പോൾ, 2013 മോഡൽ ഹീറോ ഇംപൾസ് ബൈക്കാണ് ഫസീലയ്‌ക്ക്. 65,000 രൂപയ്ക്ക് വാങ്ങിയ ബൈക്കിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ആയിരങ്ങൾ ചെലവായി.
നേട്ടങ്ങൾ
2017, 2018: നാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം
2018: 15 റൈഡ് ഡേ ഹിമാലയ റാലിയിൽ വിജയി
2019: സൂപ്പർ ക്രോസ് റേസ് വിജയികളിലൊരാൾ
ഇത്രയൊക്കേ നേട്ടങ്ങൾ ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഫസീല.