gold

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഒന്നരക്കിലോ സ്വർണ്ണം കടത്തിയ സംഘം പിടിയിലായി. കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണമടങ്ങിയ ബാഗ് തലശേരിയിലെ ഹോട്ടലിൽ എത്തിച്ച തൃശൂർ സ്വദേശി അഫ്‌സലിനെയും മുറിയിലുണ്ടായിരുന്ന മറ്റ് 13 പേരെയുമാണ് ആലുവ റൂറൽ എസ്‌പിയുടെ നിർദ്ദേശാനുസാരം നെടുമ്പാശേരി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. എന്നാൽ സ്വർണമടങ്ങിയ ബാഗ് ഇതുവരെ കണ്ടെത്തിയില്ല. ഇതിനായി തലശേരിയിലടക്കം പരിശോധനകൾ നടത്തുകയാണ്.

രണ്ട് വാഹനങ്ങളിലാണ് ഇവർ തലശേരിയിൽ എത്തിയത്. മൂന്ന്പേരാണ് ആദ്യം എത്തിയത്. അഫ്‌സൽ, റെനീഷ്, സജിൻ,സായൂജ്, ആഷിഖ്, സുഹൈൽ, ശ്രീലാൽ, ഷഹനാസ്, ജുനൈദ്, ജവാദ്,അഫ്‌സൽ, ഷഫീർ,അജ്‌മൽ,ലിബിൻ എന്നിവരാണ് പിടിയിലായത്. ഇവരെ നെടുമ്പാശേരിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. പിടിയിലായവരെല്ലാം ക്രിമിനൽ ബന്ധമുള‌ളവരാണ്. ഇവർ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് കൃത്യമായി സഹകരിക്കുന്നില്ല. പല ചോദ്യങ്ങൾക്കും ഇവർ മറുപടി നൽകുന്നില്ലെന്നാണ് വിവരം.

നേരത്തെ ഗൾഫിൽ നിന്നെത്തിയ അഫ്‌സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു, പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് കസ്‌റ്റംസിനെ വെട്ടിച്ച് തലശേരിയിലെത്തിയ ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.