
ഹവാന: രണ്ട് പങ്കാളികളുള്ള നിരവധിയാളുകളുണ്ട്. അവരിലൊരാളാണ് ക്യൂബയിലെ ഹാവാനയിൽ നിന്നുള്ള ഡോക്ടർ യോഹാൻഡ്രി ക്രസ് അവില. 2016 ൽ മെഡിക്കൽ സ്‌കൂളിൽവച്ചാണ് യുവാവ് ഷെയ്സ മെനെൻഡസ് എന്ന യുവതിയെ കണ്ടുമുട്ടിയത്. തുടർന്ന് പ്രണയത്തിലായ ഇരുവരും പിന്നീട് ഒന്നിച്ച് ജീവിക്കാനും തുടങ്ങി.
തുടക്കത്തിൽ ജീവിതത്തിൽ സന്തോഷമായിരുന്നെങ്കിലും പതിയെ ഇവർക്കിടയിൽ വഴക്കുകൾ ഉണ്ടാകാൻ തുടങ്ങി. ഈ മടുപ്പ് മാറ്റാൻ തങ്ങൾ ഓപ്പൺ റിലേഷൻഷിപ്പ് പോലുള്ള പലതും പരീക്ഷിച്ചെങ്കിലും അതൊന്നും ഫലവത്തായില്ലെന്ന് കമിതാക്കൾ പറയുന്നു. ഈ സമയത്താണ് ലിസാന്ദ്ര പോസോ എന്ന പെൺകുട്ടി ഇവർക്കിടയിലേക്ക് കടന്നുവരുന്നത്.
ഇതോടെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം വന്നെന്ന് യുവാവ് പറയുന്നു. ഒരു വർഷത്തോളമായി മൂന്ന് പേരും ഒന്നിച്ചാണ് താമസം. വീട്ടുചെലവുകൾ മൂന്ന് പേരും ഒന്നിച്ച് പങ്കിടുന്നു. തനിക്ക് ഷെയ്സയിൽ നിന്നും ലിസാന്ദ്രയിൽ നിന്നും ഓരോ കുട്ടികൾ വേണമെന്നും മക്കൾക്ക് തങ്ങൾ മൂന്ന് പേരും രക്ഷിതാക്കളായിരിക്കുമെന്നും യൊഹാൻഡ്രി വ്യക്തമാക്കി.
ഇങ്ങനെയും പ്രണയമുണ്ടെന്ന് അംഗീകരിക്കാൻ ഇപ്പോഴും ആളുകൾക്ക് കഴിയുന്നില്ലെന്നും ഒരു സാധാരണ ബന്ധത്തിൽ നിന്ന് കിട്ടാത്ത സ്വാതന്ത്ര്യം കൂടിയാണ് ഇതിലൂടെ ലഭിച്ചതെന്നും മൂവർ സംഘം വ്യക്തമാക്കി.