
ബെർലിൻ : യുക്രെയിനിൽ റഷ്യയുടെ കടന്നുകയറ്റം ആരംഭിച്ചതുമുതൽ ഉപരോധങ്ങളിലൂടെ പുട്ടിനെ മര്യാദ പഠിപ്പിക്കുവാനാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാൽ ഇതിനുള്ള തിരിച്ചടി എന്നവണ്ണം യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ഗ്യാസ് കയറ്റുമതി റഷ്യ നിയന്ത്രിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനകം റഷ്യൻ വാതക വിതരണ കമ്പനികൾ ചില യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാതക കുഴലുകൾ അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിരുന്നു. പണപ്പെരുപ്പം, ഭക്ഷ്യ സുരക്ഷ എന്നീ പ്രശ്നങ്ങളിൽ വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്ന അവസരത്തിലാണ് വാതക കയറ്റുമതിയിലെ ചാഞ്ചാട്ടം ജർമ്മനിയുടെ നെഞ്ചിൽ തീ കോരിയിടുന്നത്. ജീവിച്ചിരിക്കുന്നവരെക്കാളും മരിക്കുന്നവരെ കുറിച്ച് ഓർത്താണ് ജർമ്മനിയുടെ നെഞ്ചിടിപ്പ്. കാരണം ജർമ്മനിയിലെ ശ്മശാനങ്ങളിൽ ഗ്യാസിന്റെ വർദ്ധിച്ചുവരുന്ന വിലയും, ലഭ്യതക്കുറവും ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.
'നിങ്ങൾക്ക് മരണം സ്വിച്ച് ഓഫ് ചെയ്യാൻ കഴിയില്ല' ജർമ്മനിയുടെ ക്രിമേഷൻ കൺസോർഷ്യം ചെയർമാൻ സ്വെൻഡ്‌ജോർക്ക് സോബോലെവ്സ്‌കിയുടെ ഈ വാക്കുകളിൽ ജർമ്മനി നേരിടുന്ന പ്രതിസന്ധി പ്രതിഫലിക്കുന്നുണ്ട്. റഷ്യൻ സ്റ്റേറ്റ് ഗ്യാസ് ഭീമൻ ഗാസ്‌പ്രോം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിതരണം ഏത് നിമിഷവും നിർത്തുമെന്നാണ് റിപ്പോർട്ടുകൾ.
ശ്മശാനങ്ങൾക്കും പ്രവർത്തിക്കാൻ ഗ്യാസ് ആവശ്യമുള്ളതിനാൽ റേഷനിംഗ് ഏർപ്പെടുത്തിയാൽ തങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ക്രിമേഷൻ കൺസോർഷ്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. ജർമ്മനിയിൽ ഓരോ വർഷവും മരണപ്പെടുന്ന പത്തുലക്ഷത്തോളം ആളുകളിൽ 75 ശതമാനം മൃതദേഹങ്ങളും ഗ്യാസുപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന നിരക്കാണ്. ശ്മശാനങ്ങളുടെ പ്രവർത്തനം ഗ്യാസിൽ നിന്നും വൈദ്യുതിയിലേക്ക് മാറുന്നതിനെ കുറിച്ചും ആലോചനകൾ ആരംഭിച്ചിട്ടുണ്ട്.