
ഉപയോഗത്തിന് ശേഷം സാധാരണയായി പാൽ കവറുകൾ വലിച്ചെറിയുകയോ കത്തിച്ചുകളയുകയോ ആണ് മിക്കയാളുകളും ചെയ്യാറുള്ളത്. പ്രകൃതിക്ക് ദോഷകരമായ ജനങ്ങളുടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ അധികൃതർ നിരവധി മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് രാജസ്ഥാനിലെ പെട്രോൾ പമ്പിലെ അധികൃതർ.
ഒഴിഞ്ഞ പാൽ കവറുകൾക്കും കുപ്പികൾക്കും പകരമായി ഡിസ്‌കൗണ്ട് നൽകുമെന്നാണ് പെട്രോൾ പമ്പിലെ അധികൃതർ പറയുന്നത്. ഒരു കവർ കൊണ്ടുപോയാൽ ഒരു ലിറ്റർ പെട്രോളിന് ഒരു രൂപയും ഒരു ലിറ്റർ ഡീസലിന് 50 പൈസയും കിഴിവ് നേടാനാകും. രാജസ്ഥാനിലെ ഭിൽവാരയിലെ പെട്രോൾ പമ്പാണ് പുതിയ ആശയത്തിന് പിന്നിൽ.
ചിറ്റൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഛഗൻലാൽ ബാഗ്‌തവർമൽ പെട്രോൾ പമ്പിന്റെ ഉടമയായ അശോക് കുമാർ മുന്ദ്രയാണ് ഇതിന് പിന്നിൽ. ജൂലായ് 15 നാണ് അദ്ദേഹം മൂന്ന് മാസത്തെ ബോധവൽക്കരണ കാമ്പയ്‌ൻ ആരംഭിച്ചത്. അശോകിന്റെ ആശയത്തെ പിന്തുണച്ച് സംസ്ഥാനത്തെ ഡയറി ബ്രാൻഡായ സരസ് ഡയറി, ഭിൽവാര ജില്ലാ ഭരണകൂടം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.
പാൽ കവറുകൾ പമ്പിൽ ശേഖരിച്ച ശേഷം സരസ് ഡയറിക്ക് കെെമാറും. കവറുകൾ പരിസ്ഥിതിയെ മാത്രമല്ല, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, പ്രത്യേകിച്ച് പശുക്കൾക്ക് ഭീഷണിയാണെന്ന് അശോക് പറഞ്ഞു. മഴക്കാലമായതിനാൽ പെട്രോൾ പമ്പിൽ ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നും കാമ്പയ്ൻ ആറ് മാസത്തേക്ക് നീട്ടാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.