sanju

മുംബയ് : ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിൽ സ്ഥാനം ലഭിക്കാനിടയില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിൽ ഏകദിന ടീമിലെ സ്ഥിരാംഗമാവുക എന്ന ലക്ഷ്യത്തോടെ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. നാളെ തുടങ്ങുന്ന സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് സെലക്ടർമാരുടെ റഡാറിൽ നിന്ന് മായാതിരിക്കാനാവും സഞ്ജുവിന്റെ ശ്രമം.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ളത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പരയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല. പക്ഷേ സഞ്ജു സാംസനെപ്പോലെ ടീമിൽ തുടരുക എന്നത് ലക്ഷ്യമിടുന്ന ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം പ്രതിഭ പുറത്തെടുക്കാൻ കിട്ടുന്ന അവസരമാണ് സിംബാബ്‌വെ പോലൊരു ടീമിനെതിരായ പരമ്പര. 2015ൽ സഞ്ജു ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത് ഒരു സിംബാബ്‌വെ പര്യടനത്തിലായിരുന്നു.

ഇപ്പോൾ ക്യാപ്ടനായി പ്രഖ്യാപിച്ചിരിക്കുന്ന കെ.എൽ രാഹുലും ശിഖർ ധവാനും ടീമിൽ പരിചയസമ്പന്നനായുള്ളത് സഞ്ജുവാണ്. ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇഷാനു പകരം സഞ്ജുവാണ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടത്. ഒരു അർധസെഞ്ച്വറി നേടിയ സഞ്ജുവിന്റെ കീപ്പിംഗിലെ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 20, 22 തീയതികളിലാണ് രണ്ടാം മൂന്നും ഏകദിന മത്സരങ്ങൾ.

ഇന്ത്യൻ ടീം:

കെ.എൽ രാഹുൽ (ക്യാപ്ടൻ), ശിഖർ ധവാൻ (വൈസ് ക്യാപ്ടൻ), ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശാർദൂൽ താക്കൂർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹർ.