eldose

ബോക്സർമാരായ നിഖാത്ത് സരിനും അമിത് പംഗലിനും നീതുവിനും സ്വർണം

അത്‌ലറ്റിക്സിൽ സന്ദീപിനും അന്നുറാണിക്കും, വനിതാഹോക്കി ടീമിനും വെങ്കലം

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ ചരിത്രസ്വർണവും വെള്ളിയുമായി മലയാളി ട്രിപ്പിൾ ജമ്പ് താരങ്ങൾ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും വിസ്‌മയമായ ദിവസം മെഡലുകളുമായി സന്തോഷ പ്രളയം സൃഷ്‌ടിച്ച് മറ്റ് ഇന്ത്യൻ താരങ്ങളും.

എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് മൂന്നാമത്തെ ശ്രമത്തിൽ 17.03 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ അഞ്ചാം ശ്രമത്തിൽ 17.02 മീറ്ററിലെത്തി വെള്ളി നേടി.

ബോക്സിംഗിൽ വനിതാ താരങ്ങളായ നിഖാത്ത് സരീനും നീതു ഘൻഗാസും പുരുഷ വിഭാഗത്തിൽ അമിത് പംഗലും സ്വർണം നേടി.

വനിതാഹോക്കിയിൽ ഇന്ത്യൻ ടീം ന്യൂസിലാൻഡിനെ തോൽപ്പിച്ച് വെങ്കലം നേടിയപ്പോൾ അത്‌ലറ്റിക്സിൽ രണ്ട് വെങ്കലം കൂടി ഇന്ത്യയ്ക്ക് ലഭിച്ചു. വനിതാ ജാവലിനിൽ 60 മീറ്റർ എറിഞ്ഞ് അന്നുറാണിയും 10 കി.മീ നടത്തത്തിൽ 38:49.21മിനിറ്റ് കുറിച്ച് സന്ദീപ് കുമാറുമാണ് വെങ്കലം നേടിയത്. കോമൺവെൽത്ത് വനിതാ ജവലിനിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അന്നുറാണി.

മെഡൽ പട്ടികയിൽ ഇന്ത്യ നാലാമത്

മൊത്തം 48 മെഡ‌ലുകൾ

17 സ്വർണം,12 വെള്ളി, 19വെങ്കലം

4 മലയാളി മെഡലുകൾ

ഇത്തവണ മെഡൽ നേടിയ മലയാളികൾ നാലായി. ബാഡ്മിന്റണിൽ വെള്ളി നേടിയ മിക്സഡ് ടീമിൽ കണ്ണൂർ സ്വദേശി ട്രീസ ജോളി അംഗമായിരുന്നു. പാലക്കാട്ടുകാരനായ എം.ശ്രീങ്കർ ഹൈജമ്പിൽ വെള്ളി നേടിയിരുന്നു. ഇന്നലെ എൽദോസിന്റെയും അബ്ദുള്ളയുടെയും മെഡൽ നേട്ടം.

വീണ്ടും ആഗസ്റ്റ് 7

ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചതിന്റെ ഒന്നാം വാർഷികത്തിലാണ് ബർമിംഗ്ഹാമിൽ ഇന്ത്യൻ അത്‌ലറ്റിക്സ് താരങ്ങൾ മെഡൽ വിരുന്നൊരുക്കിയത്. 2021 ആഗസ്റ്റ് ഏഴിന് ജാവലിൻ ത്രോയിലാണ് നീരജ് ഇന്ത്യൻ അത്‌ലറ്റിക്സ് ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വർണം നേടിയത്. ഇന്നലെ വനിതാ ജാവലിനിൽ അന്നുറാണി വെങ്കലം നേടിയത് തിളക്കം വർദ്ധിപ്പിച്ചു.

സ്വർണം നേ‌ടിയതിൽ അതിയായ സന്തോഷം. അബ്ദുള്ളയ്ക്ക് വെള്ളി കിട്ടിയതിൽ അതിലേറെ സന്തോഷം. മെഡൽ പോഡിയത്തിൽ ഒരുമിച്ച് നിൽക്കാൻ ആഗ്രഹിച്ചിരുന്നു.

- എൽദോസ് പോൾ

ചരിത്രം പിറന്നു. എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഫൈനലിൽ രണ്ട് ഇന്ത്യക്കാർ മത്സരിച്ചതും മെഡൽ നേടിയതും രാജ്യത്തിന് അഭിമാനമാണ്.

- ദൗപതി മുർമു

രാഷ്ട്രപതി