 
ഫോർട്ടുകൊച്ചി: മത്സ്യത്തൊഴിലാളിയെ കടലിൽ ബോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി തേങ്ങാപട്ടണം മൂളൂർത്തറ ലോറൻസിനെ (41) ആണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുനമ്പം സ്വദേശി പ്രസാദിന്റെ 'ഓശാന" ബോട്ടിലെ തൊഴിലാളിയാണ് ലോറൻസ്. ശനിയാഴ്ച രാവിലെ 15 ഓളം തൊഴിലാളികളുമായാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്. രാത്രി ബോട്ട് നങ്കൂരമിട്ട് എല്ലാവരും ഉറങ്ങി. ഞായറാഴ്ച രാവിലെ ലോറൻസിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ചലനമുണ്ടായില്ല.
ബോട്ട് കൊച്ചിയിലെത്തിച്ച്, ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മരണ സ്ഥിരീകരണം നടന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ശെൽവിയാണ് ലോറൻസിന്റെ ഭാര്യ. സംഭവത്തിൽ കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു.