
കേരളത്തിലെ മറ്റ് ഡാമുകളെപോലെയല്ല ഇടുക്കി ഡാം തുറക്കുമ്പോഴെന്നും ഈ ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി. ഇന്ന് രാവിലെ ഇടുക്കി ഡാം തുറന്നതിനെ തുടർന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഡാമിന്റെ ചരിത്രം പങ്കുവയ്ക്കുകയായിരുന്നു മന്ത്രി. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് കനത്ത നഷ്ടം സഹിച്ചും ഡാം നിറയുന്നതിന് മുമ്പ് തന്നെ ഇത്തവണ ഷട്ടറുകൾ തുറന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഷട്ടർ ഇല്ലാത്ത ഇടുക്കി ഡാം തുറക്കുമ്പോൾ;
മൂന്നാമത്തെ ഷട്ടർ 70 സെ.മീ തുറന്നു
ഇടുക്കി ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നും മുൻ കരുതൽ എടുക്കുന്നതിന്റെ ഭാഗമായും ഇന്ന് ഡാമിന്റെ ഒരു ഷട്ടർ തുറക്കുന്നു. ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഇടുക്കി ആർച്ചു ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്.
ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്. വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാൽ കഴിഞ്ഞു കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറന്നു.
1981 ൽ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. ഒക്ടോബർ 29 മുതൽ നവംബർ 5 വരെ 23.42 മില്യൺ ക്യൂബിക് മീറ്റർ ജലവും, നവംബർ 10 മുതൽ 14 വരെ 9.46 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നു വിട്ടത്. 11 വർഷങ്ങൾക്ക് ശേഷം 1992 ലാണ് പിന്നെ ഡാം തുറന്നത്. അന്ന് 78.57 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബർ 12 മുതൽ 16 വരെ 26.16 മില്യൺ ക്യൂബിക് മീറ്റർ ജലവും നവംബർ 16 മുതൽ 23 വരെ 52.41 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നു വിട്ടത്.
26 വർഷങ്ങൾക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. അതൊരു ചരിത്രമായിരുന്നു. റെക്കോർഡ് വെള്ളമാണ് അന്ന് ഡാമിൽ നിന്ന് തുറന്നു വിട്ടത്. 1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 8 വരെ 1063.23 മില്യൺ ക്യൂബിക് മീറ്റർ ജലവും ഒക്ടോബർ 7 മുതൽ 9 വരെ 5.09 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നത്. 2021 ൽ ഡാം തുറന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു 3 മാസത്തിനുള്ളിൽ 4 തവണയാണ് അന്ന് ഡാം തുറന്നത്. ഒക്ടോബർ 19 മുതൽ ഒക്ടോബർ 27 വരെ 46.29 മില്യൺ ക്യൂബിക് മീറ്റർ ജലവും, നവംബർ 14 മുതൽ 16 വരെ 8.62 മില്യൺ ക്യൂബിക് മീറ്റർ ജലവും നവംബർ 18 മുതൽ 20 വരെ 11.19 മില്യൺ ക്യൂബിക് മീറ്റർ ജലവും, ഡിസംബർ 7 മുതൽ 9 വരെ 8.98 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് അന്ന് തുറന്നു വിട്ടത്.
ഒരു വർഷത്തിന് ശേഷം ഇന്ന് ( 7.8.22) 11 മത്തെ തവണയാണ് ഡാം തുറക്കുന്നത്. മൂന്നാമത്തെ ഷട്ടർ 70 സെ.മീ. തുറന്ന് സെക്കൻ്റിൽ 50 ഘനയടി ജലമാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പോലീസ് മേധാവി കെ.വി.കുര്യാക്കോസ്, ഡാം സുരക്ഷാ വിഭാഗം അധികൃതരുടെ സാന്നിദ്ധ്യത്തിൽ രാവിലെ 10 മണിക്ക് ഇത്തവണ തുറന്നു വിട്ടത്.