
കൊളംബോ: ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് ഹമ്പൻതോട്ട തുറമുഖത്തേക്കുള്ള ചൈനയുടെ ചാരക്കപ്പൽ 'ദി യുവാൻ വാംഗ് 5"ന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അറിയിച്ചതിന് പിന്നാലെ മുതിർന്ന ശ്രീലങ്കൻ അധികാരികളുമായി അടിയന്തര ചർച്ച നടത്താനൊരുങ്ങി കൊളംബോയിലെ ചൈനീസ് എംബസി. ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാംഗ് വ്യാഴാഴ്ച ചൈനയ്ക്ക് പങ്കാളിത്തമുള്ള ലങ്കൻ തുറമുഖമായ ഹമ്പൻതോട്ടയിൽ അടുപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇന്ധനം നിറയ്ക്കാൻ 17 വരെ കപ്പൽ അവിടെ തുടരും.
എന്നാൽ, ചാരക്കപ്പലിന്റെ സാന്നിദ്ധ്യം സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കപ്പലിന്റെ സന്ദർശനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ശ്രീലങ്ക കൈമാറിയ കത്തിനോട് പ്രതികരിച്ചാണ് ഇപ്പോൾ ചൈനീസ് എംബസി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും ചൈനീസ് അംബാസഡർ ക്വീ ഷെൻഹോംഗും തമ്മിൽ വിഷയത്തിൽ അടച്ചിട്ടമുറിയിൽ ചർച്ച നടത്തിയെന്ന് ചില ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രസിഡന്റ് ഓഫീസ് വാർത്ത നിഷേധിച്ചു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് - പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉപഗ്രഹ നിയന്ത്രണവും ഗവേഷണ ട്രാക്കിംഗും നടത്താൻ കപ്പലിന് പദ്ധതിയുണ്ടായിരുന്നു. ശ്രീലങ്കയിലെ തെക്കൻ ആഴക്കടൽ തുറമുഖമായ ഹമ്പൻതോട്ട രാജപക്സ കുടുംബത്തിന്റെ സ്വദേശത്താണുള്ളത്. ചൈനീസ് വായ്പ കൊണ്ടാണ് തുറമുഖം നിർമ്മിച്ചിരിക്കുന്നത്.
യുവാൻ വാംഗിലെ ഭീമൻ പാരാബോളിക് ട്രാക്കിംഗ് ആന്റിനകളും വിവിധ സെൻസറുകളും ഉപഗ്രഹങ്ങളുടെയടക്കം സിഗ്നലുകൾ പിടിച്ചെടുക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയുടെ മിസൈൽ പരീക്ഷണ വിവരങ്ങളും ഐ.എസ്.ആർ.ഒ, വിവിധ ആണവനിലയങ്ങൾ, ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ എന്നിവിടങ്ങളിലെ സിഗ്നലുകൾ എന്നിവയും കപ്പൽ പിടിച്ചെടുത്തേക്കും.
ഇതിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കപ്പലിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷയും താത്പര്യവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.