canada

ഒട്ടാവ: തൊഴിലാളികളുടെ ക്ഷാമം കാരണം നട്ടം തിരിയുകയാണ് കാനഡ. നിലവിൽ പത്ത് ലക്ഷത്തോളം ഒഴിവുകളാണ് രാജ്യത്തെ വിവിധ തസ്തികകളിലായി ഉള്ളത്. ഒരു വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളാണ് കാനഡയിൽ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ ഒഴിവുകൾ നികത്താൻ മാത്രമുള്ള തൊഴിലാളികൾ രാജ്യത്ത് ഇല്ലെന്നതാണ് സ്ഥിതി വഷളാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവരിലാണ് കാനഡയുടെ നോട്ടം. 2022 മേയിൽ പുറത്തിറങ്ങിയ കാനഡയുടെ ലേബർ ഫോഴ്സ് സർവേയിലാണു രാജ്യത്തെ തൊഴിലവസരങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നത്.

ഈ വ‌ർഷം മാത്രം 4.3 ലക്ഷം പേർക്കും 2024ൽ 4.5 ലക്ഷം പേർക്കും പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡയുടെ തീരുമാനം. ശാസ്ത്രം, പ്രഫഷണൽ രംഗം, സാങ്കേതിക രംഗം, ഗതാഗതം, വെയർഹൗസിങ്, ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുക. നിർമാണ മേഖലയിൽ‌ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലിൽ റിപ്പോർട്ട് ചെയ്തത്.