
ലൗഡർഹിൽ : വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ട്വന്റി-20യിൽ 88 റൺസിന്റെ വിജയം നേടിയ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 188/7 എന്ന സ്കോർ ഉയർത്തിയപ്പോൾ വിൻഡീസ് 15.4 ഓവറിൽ 100 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.
രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ഇന്നലെ ഇന്ത്യയെ നയിച്ചത്. 2.4 ഓവറിൽ 16 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവി ബിഷ്ണോയ്‌യും നാലോവറിൽ ഒരു മെയ്ഡനടക്കം 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്നോവറിൽ ഒരു മെയ്ഡനടക്കം 15 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ചേർന്നാണ് വിൻഡീസിനെ ചുരുട്ടിയത്. അക്ഷറാണ് മാൻ ഒഫ് ദ മാച്ച്.അർഷദീപ് സിംഗ് പ്ളേയർ ഒഫ് ദ സിരീസായി.
ഓപ്പണറായി ടീമിൽ മടങ്ങിയെത്തിയ ശ്രേയസ് അയ്യരുടെ അർദ്ധസെഞ്ച്വറിയാണ് (64) ഇന്നലെ ഇന്ത്യയ്ക്ക് ബാറ്റിംഗിൽ കരുത്തായത്. ശ്രേയസിന് ഒപ്പമിറങ്ങിയ ഇഷാൻ കിഷൻ 11 റൺസെടുത്ത് പുറത്തായിരുന്നു. തുടർന്ന് ദീപക് ഹൂഡയ്ക്കൊപ്പം ശ്രേയസ് 76 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 38 റൺസെടുത്ത് ഹൂഡയും പിന്നാലെ ശ്രേയസും പുറത്തായതോടെ ഇന്ത്യ 122/3 എന്ന നിലയിലായി. മലയാളി താരം സഞ്ജു സാംസൺ 15 റൺസുമായും ദിനേഷ് കാർത്തിക് 12 റൺസുമായും പുറത്തായി.